News Desk

2021-03-27 05:27:36 pm IST
കൊച്ചി: കെ.എസ്.ഐ.ഡി.സി എം.ഡി എന്‍. പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എസുകാര്‍ വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളില്‍ അല്ല പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സ്ആപ്പില്‍ മെസേജ് അയക്കേണ്ടതെന്നും വാട്സ്ആപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എല്‍.ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്തത് പറയാതെയുളള മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

സര്‍ക്കാരിന്റെ കടലാസുകള്‍ ഫയലുകളായാണ് നീങ്ങുക. ആ ഫയല്‍ ഒരാളുടെ അടുത്തും കെ.എസ്.ഐ.ഡി.സി അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നും അറിയില്ല. വ്യക്തമായ ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകള്‍. ഇങ്ങനെ മെസേജ് കിട്ടിയാല്‍ ചിലര്‍ ഓക്കെ എന്ന് മെസേജ് അയക്കും. അതിനര്‍ത്ഥം മെസേജ് അംഗീകരിച്ചുവെന്നല്ല മെസേജ് എന്നു മാത്രമാണ്. ആ രീതിയില്‍ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.  ഇയാള്‍ എല്ലാവരെയും അറിയിച്ചു എന്ന് തെളിവുണ്ടാക്കാന്‍ വേണ്ടി മാത്രം ഇത്തരം മെസേജുകള്‍ അയച്ചതാണെന്ന് അദ്ദേഹം തന്നെ പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ- പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധക്കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത് സംബന്ധിച്ച് എന്‍ പ്രശാന്ത് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top