News Desk

2021-05-03 11:14:40 am IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി. അദ്ദേഹത്തിന് ഒപ്പം ആരോഗ്യ മന്ത്രി കെ.കെ ശൈലജ, എം.വി ജയരാജന്‍, എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും തിരുവനന്തപുരത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. 

ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കും. വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപീകരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍.ഡി.എഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.

പുതിയ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളായ എം.വി ഗോവിന്ദന്‍, കെ.എന്‍ ബാലഗോപാല്‍, പി രാജീവ്, രാധാകൃഷ്ണന്‍ എന്നിവരടക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണത്തിന് നേതാക്കളാരും തയ്യാറായിട്ടില്ല. നാളെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top