News Desk

2021-02-02 05:53:09 pm IST

കോഴിക്കോട്: കത്‌വ-ഉന്നാവോ ഇരകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂസഫ് പടനിലത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിനെതിരെ മത്സരിച്ച ആളാണ് യൂസഫ് പടനിലം. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐ.എമ്മില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

'ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍.'

'മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോള്‍ ചവിട്ടി നില്‍ക്കുന്ന പാര്‍ട്ടിയില്‍ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാള്‍ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.', ഫിറോസ് പറഞ്ഞു.

കത്‌വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. ഒരു കോടിയോളം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചു. 

യൂസഫ് പടനിലത്തിന്റെ ആരോപണം നിസാരമായി കാണാനാവില്ലെന്നും ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനമെന്നും ഫിറോസ് പറഞ്ഞു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


Never Wrestle with a Pig. 
You Both Get Dirty and the Pig Likes It  

ബെര്‍ണാഡ് ഷാ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ടെങ്കിലും വിഷയം അഴിമതി ആരോപണമായതിനാല്‍ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നൊക്കെയാണ് കൈരളി ചാനല്‍ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണ്. 

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍. മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോള്‍ ചവിട്ടി നില്‍ക്കുന്ന പാര്‍ട്ടിയില്‍ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാള്‍ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

തെരഞ്ഞെടുപ്പ് വേളയില്‍ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോള്‍ കത്വ വിഷയവുമായി വരുന്നത്. കത്‌വയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. കത്‌വ-ഉന്നാവോ വിഷയങ്ങളില്‍ നിയമസഹായം ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ യൂത്ത്ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുമാണ്. 

യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല. 

പക്ഷേ, ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ്ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അതിന്റെ മുകളില്‍ കരിനിഴല്‍ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്. 

രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നട്ടാല്‍ കുരുക്കാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാല്‍ കത്വ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ  ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

അതുകൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളില്‍ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top