News Desk

2021-06-07 05:54:04 pm IST

ന്യൂഡല്‍ഹി: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങും. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. വാക്‌സിന്റെ വിലയ്ക്ക് പുറമേ 150 രൂപ സര്‍വീസ് ചാര്‍ജ് മാത്രമേ ആശുപത്രികള്‍ ഈടാക്കാവൂ. അതേസമയം, വാക്‌സിന്റെ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കായിരിക്കും. 

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കൊവിഡെന്ന് മോദി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് പുറകിലല്ലെന്ന് തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. ഓക്സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ഉത്പാദനം പത്തിരിട്ടായാക്കി വര്‍ധിപ്പിച്ചു. 

കൊവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് കൊവിഡ് പ്രോട്ടോക്കോള്‍. കൊവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിന്‍. ലോകത്ത് വാക്സിന്‍ നിര്‍മാണം കുറവാണ്. ഒരു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടു വാക്സിന്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ കമ്പനികള്‍ ഇല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താവുമായിരുന്നു.? വാക്സിനേഷന്‍ 60 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി. ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് പുറകിലല്ലെന്ന് തെളിയിച്ചു. 23 കോടി വാക്സിന്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top