ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രിനരേന്ദ്ര മോദി. കാളിയുടെ മുന്നില്‍ മാനവരാശിയെ കൊവിഡില്‍ നിന്ന് മുക്തമാക്കണേയെന്ന് പ്രാര്‍ത്ഥിച്ചുവെന്ന് പ്രധാനമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ക്ഷേത്രത്തില്‍ മോദി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെയും വിഗ്രഹത്തില്‍ കിരീടം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് മതപരമായ പരിപാടികളില്‍ ഒത്തു ചേരാനും, പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് അഭയം തേടുന്നതിനുമായി ഒരു കമ്മ്യൂണിറ്റി ഹാള്‍ പണിയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും മോദി വാഗ്ദാനം നല്കി. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപുര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുളള നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്.
ലോകത്ത് എന്നും സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്നാണ് ബംഗ്ലാദേശും ഇന്ത്യയും ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. ''ഇന്ത്യയും ബംഗ്ലാദേശും ലോകം മുന്നേറാന്‍ ആഗ്രഹിക്കുന്നു. അസ്ഥിരത, ഭീകരത, അശാന്തി എന്നിവയ്ക്ക് പകരം ലോകത്ത് സ്ഥിരത, സ്നേഹം, സമാധാനം എന്നിവ കാണാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക