News Desk

2021-03-07 11:02:37 pm IST
എര്‍ബില്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചരിത്ര പരമായ ഇറാഖ് പര്യടനത്തിന് പരിസമാപ്തിയായി. കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ എര്‍ബിലിലെ ഫ്രാന്‍സൊ ഹരീരി സ്റ്റേഡിയത്തില്‍ നടന്ന പരിശുദ്ധ കുര്‍ബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

സാഹോദര്യവും സമാധാനവും പുലരട്ടെയെന്ന് ആഹ്വാനം ചെയ്താണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇറാഖ് വിട്ടത്. ഭാവി സമാധാനത്തോടൊപ്പമാകുമെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന ഇടങ്ങളില്‍ പരസ്പര സാഹോദര്യത്തോടെ ജീവിക്കാന്‍ കഴിയണമെന്നും മാര്‍പ്പാപ്പ തന്റെ പ്രസംഗത്തില്‍ ജനങ്ങളെ ഉണര്‍ത്തി.

പരിപാടികള്‍ അവസാനിക്കുന്നതോടെ താന്‍ റോമിലേക്ക് മടങ്ങുകയാണെങ്കിലും ഇറാഖ് തന്റെ ഹൃദയത്തില്‍ എന്നും അവശേഷിക്കുമെന്നും പോപ്പ് പറഞ്ഞു. സമാധാനം പുലരുന്ന ലോകത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണം.

കൈ ചെളിയാക്കിയാണെങ്കിലും ഹൃദയം ശുദ്ധമാക്കി വിശുദ്ധിയോടെ ജീവിക്കണം. രൂപത്തിലും ഭാവത്തിലുമല്ല, ഉത്തരവാദിത്വബോധം തോന്നുമ്പോഴാണ് മറ്റുള്ളവരുടെ വേദനകള്‍ അറിയാന്‍ സാധിക്കുന്നതെന്നും അങ്ങനെ കണ്ണീരൊപ്പണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

മൂസില്‍ നഗരത്തിലെ ക്രിസ്ത്യന്‍ മേഖലകള്‍, പ്രധാന ആരാധനാലങ്ങള്‍ എന്നിവിടങ്ങളില്‍ പോപ്പ് സന്ദര്‍ശനം നടത്തി. യുദ്ധത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. സംഘര്‍ഷത്തേക്കാള്‍ സാഹോദര്യമാണ് കാലത്തിന്റെ നേട്ടമെന്ന് മാര്‍പ്പാപ്പ മൂസിലില്‍ അഭിപ്രായപ്പെട്ടു.

അതേസമയം, മൊസൂള്‍ വിട്ടുപോയ എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും സമാധാനത്തോടെ തിരിച്ചുവരാമെന്ന് മൊസൂള്‍ ഭരണാധികാരികള്‍ അറിയിച്ചു. 

മൊസൂള്‍ സന്ദര്‍ശനത്തിലൂടെ ഇറാഖ് യുദ്ധത്തിലും ഐ.എസ്.ഐസ് ആക്രമണങ്ങള്‍ക്കും മൊസൂള്‍ നല്‍കിയ വിലയെത്രയാണെന്ന് പോപ്പ് വിലയിരുത്തണമെന്ന് നീനവ ഗവര്‍ണര്‍ നജം അല്‍ ജബൂരി ആവശ്യപ്പെട്ടു. മൊസൂള്‍ ആര്‍ച്ച് ബീഷപ്പ് നജീബ് മൈക്കല്‍ പോപ്പിനെ അനുഗമിച്ചു.

എര്‍ബിലിലെ പ്രധാന തെരുവുകളായ ഗുലാന്‍ സ്ട്രീറ്റ്, 60 മീറ്റര്‍ അങ്കാവ എന്നിവിടങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ ഇറാഖ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പ്പാപ്പ റോമിലേക്ക് മടങ്ങും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top