News Desk

2021-02-22 09:25:14 pm IST
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ പിന്തുണയറിയിച്ചു. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ബന്ധപ്പെട്ടിട്ടുണ്ട്. വി.പി.എസ് ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലിലാണ് ഇക്കാര്യം അറിയിച്ചത്. 

ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കു കൂടി പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുമായി ഷംഷീര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്മീഷന്‍ പ്രതികരണം പ്രതീക്ഷാജനകമാണെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംഷീര്‍ വ്യക്തമാക്കി.

പ്രവാസി വോട്ട് പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്ന പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാനും കൂടിക്കാഴ്ചയില്‍ ഡോ. ഷംഷീറിനൊപ്പമുണ്ടായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസിവോട്ട് വിഷയത്തില്‍ വേഗത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഡോ. ഷംഷീര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. 

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ അദ്ദേഹം ബോധിപ്പിച്ചെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആറ് ജി.സി.സി രാജ്യങ്ങളിലായി 88,88,733 നോണ്‍ റസിഡന്റ് ഇന്ത്യക്കാരുണ്ട്. വോട്ടവകാശമുള്ള പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അധിവസിക്കുന്നന്ത് ഗള്‍ഫ് രാജ്യങ്ങളിലാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top