News Desk

2021-04-16 01:58:46 pm IST
ദോഹ: ഖത്തറില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കൊവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇക്കൂട്ടര്‍ വാക്സിനെടുക്കുന്നതാണ് ഉചിതമെന്ന് ഹെല്‍ത്തി വുമണ്‍ ലീഡിങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ.നജാത് അല്‍ ഖെനിയാബ് പറഞ്ഞു.

ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും വാക്സിന്‍ സുരക്ഷിതമാണ്. ഗര്‍ഭിണികളില്‍ വാക്സിന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഫൈസര്‍-ബയോടെക് വാക്സിന്റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയും യു.എസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളും വിലയിരുത്തുകയും ഗര്‍ഭിണികളിലെ വാക്സിന്‍ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചിട്ടില്ലെന്നും ഡോ.നജാത് വ്യക്തമാക്കി.

അതേസമയം, കൊവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മികച്ച പരിചരണമാണ് നല്‍കുന്നത്. കൊവിഡ് പോസിറ്റീവായ അമ്മമാരില്‍ ജനിച്ച ഭൂരിഭാഗം കുഞ്ഞുങ്ങളും കൊവിഡ് നെഗറ്റീവ് ആണ്. രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നതിനാല്‍ ഗര്‍ഭിണികളില്‍ കൊവിഡ് പിടിപെടുന്നത് അപകടകരമാണ്.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന മൊഡേണ, ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്സിനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമല്ലെന്ന് ഇതുവരെ തെളിവുകളില്ല. അതേസമയം, വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും ഡോ.നജാത് ഓര്‍മപ്പെടുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top