News Desk

2021-03-24 01:24:40 pm IST
തിരുവനന്തപുരം: കേരളത്തില്‍ ഇടത് ഭരണം വീണ്ടും തുടര്‍ന്നാല്‍ അത് സംസ്ഥാനത്തിന് ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ശബരിമല വിഷയത്തിലെ പിണറായി സര്‍ക്കാറിന്റെ നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ.കെ ആന്റണി പറഞ്ഞു. 

നൂറു കണക്കിന് പൊലീസുകാരുടെ അകമ്പടിയില്‍ സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്ര മാറ്റിപ്പറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ പിണറായി പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോയെന്നും ആന്റണി ചോദിച്ചു.

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതിന് മുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. 

വിശ്വാസികളുടെ സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍വകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top