News Desk

2021-03-15 08:20:28 pm IST
ദോഹ: പതിമൂന്നാമത് മിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് രംഗത്തെ സുപ്രധാന പ്രദര്‍ശനമായ
മിലിപ്പോള്‍ ഖത്തര്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ന് മുതല്‍ 17 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികളും 72 പ്രാദേശിക കമ്പനികളും ഉള്‍പ്പെടെ 143 കമ്പനികള്‍  പങ്കെടുക്കും. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ രംഗത്തെ പ്രധാന ഏജന്‍സിയായ കോംസ്പോസിയം എന്ന കമ്പനിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 

പ്രദര്‍ശനശാലകളെക്കുറിച്ചും ഇവിടെ ഇവിടെ ഒരുക്കിയിരിക്കുന്ന അത്യാധുനിക ഉപകരണങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ചും പ്രധാനമന്ത്രിക്ക് സംഘാടകര്‍ വിശദീകരിച്ചു നല്‍കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികളോടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍, എക്‌സിബിറ്റിംഗ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ സുരക്ഷാ മേഖലകളില്‍ പങ്കാളിത്തം സ്ഥാപിക്കുന്നതിനായി ഖത്തര്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പിടുന്ന ചടങ്ങിനും പ്രധാനമന്ത്രി സാക്ഷിയായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top