News Desk

2021-06-05 12:50:30 pm IST
ലണ്ടന്‍: ഒരിക്കല്‍ കൊവിഡ് ബാധിച്ച ഒരാള്‍ക്ക് പിന്നീടുള്ള പത്ത് മാസം വരെ വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. കൊവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. 

ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ താമസക്കാരിലും ജീവനക്കാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. വ്യാഴാഴ്ചയാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ രോഗബാധിതരായവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ ഇവിടുത്തെ താമസക്കാരില്‍ ഒരിക്കല്‍ കൊവിഡ് ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത, അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നും ജീവനക്കാരുടെ കാര്യത്തില്‍ ഇത് 60 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.

കെയര്‍ ഹോമുകളിലെ ശരാശരി 86 വയസ്സ്പ്രായമുള്ള താമസക്കാരെയും 1429 ജീവനക്കാരെയുമാണ് ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലും ഇവരുടെ രക്തപരിശോധന നടത്തി. പരിശോധിച്ചവരില്‍ മൂന്നിലൊന്നു പേരിലും പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. ഇത് ഇവര്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു. 

ഒരിക്കല്‍ രോഗം വന്ന 634 പേരില്‍ നാല്‍ താമസക്കാര്‍ക്കും 10 ജീവനക്കാര്‍ക്കും മാത്രമാണ് വീണ്ടും കൊവിഡ് അണുബാധ ഉണ്ടായത്. ഇതില്‍ നിന്നാണ് രോഗപ്രതിരോധശേഷി പത്ത് മാസത്തോളം നിലനില്‍ക്കുമെന്ന് വ്യക്തമായത്. കൊവിഡ് ബാധിതരല്ലാതിരുന്ന 1477 പേരില്‍ 93 താമസക്കാര്‍ക്കും 111 ജീവനക്കാര്‍ക്കും പിന്നീട് രോഗബാധയുണ്ടായി. ഒരു തവണ കൊവിഡ് ബാധിക്കുന്നത് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നത് നല്ല വാര്‍ത്തയാണ് എന്ന സന്തോഷം പങ്കുവെക്കുന്നു പഠനത്തിന് നേതൃത്വം നല്‍കിയ യു.സി.എല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സിലെ ഗവേഷക മറിയ ക്രുഷികോവ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top