News Desk

2021-05-29 03:21:18 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടം നീക്കിയതോടെ സ്‌കൂളുകള്‍ ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിലവില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ആയി മാത്രം പ്രവര്‍ത്തിക്കണോ അതോ ബ്ലെന്‍ഡഡ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കണമോ എന്ന് സ്വകാര്യസ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടര്‍ റാഷിദ് അല്‍ അമീരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍, നേരിട്ട് ക്ലാസിലെത്തിയുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനസമ്പ്രദായമാണ് ബ്ലെന്‍ഡഡ്. ഞായറാഴ്ച മുതല്‍ ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. ഇന്നലെ മുതലാണ് രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. ആകെ ശേഷിയുടെ 30 ശതമാനത്തില്‍ ആണ് പ്രവര്‍ത്തിക്കേണ്ടത്.

സ്വകാര്യ സ്‌കൂളുകള്‍ക്ക് ഒന്നുകില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈനായി മാത്രം പഠനം പുനരാരംഭിക്കാം. അല്ലെങ്കില്‍ ബ്ലെന്‍ഡഡ് സംവിധാനത്തിലൂടെ ഞയറാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. ഓരോ സ്‌കൂളുകളുടെയും അപേക്ഷ പ്രകാരമാണ് ഇതില്‍ തീരുമാനമെടുക്കുക. ഇതിനായി മന്ത്രാലയത്തിന്റെ സ്വകാര്യസ്‌കൂള്‍ വിഭാഗത്തിന് അപേക്ഷ നല്‍കണം. സ്‌കൂളുകള്‍ അവരവരുടെ സ്ഥലസൗകര്യമനുസരിച്ചാണ് എത്ര കുട്ടികള്‍ ഒരു ദിവസം സ്‌കൂളില്‍ എത്താമെന്ന് തീരുമാനമെടുക്കേണ്ടത്.

ബ്ലെന്‍ഡഡ് രീതിയില്‍ വിവിധ വിഷയങ്ങള്‍ക്കുള്ള പീരിയഡുകള്‍ സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് പീരിയഡുകളില്‍ കുറയാന്‍ പാടില്ല. കിന്റര്‍ഗാര്‍ട്ടനുകളില്‍ ഇത് രണ്ട് പീരിയഡുകളില്‍ കുറയാനും പാടില്ല. സ്‌കൂളുകള്‍ എല്ലാ തരത്തിലുമുള്ള കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top