News Desk

2021-02-06 09:53:05 pm IST
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) വിമാനത്താവള സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ മൂന്നാം ഘട്ടം ഏപ്രിലില്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല അറിയിച്ചു.  

വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ്ബ് ചെയ്തുകൊണ്ടുളള വില്‍പ്പന പ്രക്രിയ്ക്കുമായി സര്‍ക്കാര്‍ പുതിയ സമീപനം തയ്യാറാക്കുമെന്ന് ഖരോല പറഞ്ഞു. ഇതിന്റെ സാധ്യതയെ കുറിച്ച് എ.എ.ഐ പരിശോധിക്കുകയാണ്. ആറ് മുതല്‍ 10 വരെ വിമാനത്താവളങ്ങള്‍ മൂന്നാം ഘട്ട സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായേക്കുമെന്നും അദ്ദേഹം ലൈവ് മിന്റിനോട് പറഞ്ഞു.

2021-22 കാലയളവില്‍ ടയര്‍ രണ്ട്, മൂന്ന് നഗരങ്ങളിലുളള എ.എ.ഐ വിമാനത്താവളങ്ങളെ സര്‍ക്കാര്‍ സ്വകാര്യവല്‍കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു. 2021-22ല്‍ മൂലധനച്ചെലവ് ആവശ്യങ്ങള്‍ക്കായി എ.എ.ഐ ബാങ്കുകളില്‍ നിന്ന് 2,100 കോടി രൂപ സമാഹരിക്കുന്നുവെന്ന് ആക്ടിംഗ് ചെയര്‍മാന്‍ അനുജ് അഗര്‍വാള്‍ പറഞ്ഞു. മുംബൈ വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിര്‍ദ്ദേശത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അഗര്‍വാള്‍ വ്യക്തമാക്കി. 

2020 സെപ്റ്റംബറില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് ജി.വി.കെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ കട ബാധ്യത ഏറ്റെടുക്കാനുളള കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പകരമായി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (മിയാല്‍) 50.5 ശതമാനം ഓഹരി ജി.കെ.വി വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ, ദക്ഷിണാഫ്രിക്കന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ദക്ഷിണാഫ്രിക്കയുടെ ബിഡ് വെസ്റ്റ് ഗ്രൂപ്പിന്റെയും കൈവശമുള്ള 23.5 ശതമാനം ഓഹരികളും വാങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ആഭ്യന്തര ഇതര ഫ്‌ളൈറ്റ് ടിക്കറ്റുകളുടെ വില പരിധി ഒരു ശാശ്വത സവിശേഷതയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈയറ്റുകളുടെ എണ്ണം പ്രീ-കൊവിഡ് സാഹചര്യത്തിലേക്ക് വര്‍ദ്ധിച്ചുകഴിഞ്ഞാല്‍ അത് ഇല്ലാതാകും. കൊവിഡിന് ശേഷം മെയ് 25ന് ആഭ്യന്തര വിമാനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ സര്‍ക്കാര്‍ ഫെയര്‍ ബാന്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

2021 മാര്‍ച്ച് 31 വരെ ഫെയര്‍ ബാന്‍ഡ് നിലവിലുണ്ടാകുമെന്നും ഖരോല വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം പാട്ടത്തിനെടുക്കുമ്പോള്‍ വിദേശനാണ്യ വിനിമയ ചെലവ് ലാഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഷോപ്പ് സ്ഥാപിക്കുന്നത് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് പ്രദീപ് സിംഗ് ഖരോല പറഞ്ഞു.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top