News Desk

2021-05-19 06:36:04 pm IST

ലണ്ടന്‍: ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിര്‍മിക്കുന്ന ഫാക്ടറി പിടിച്ചെടുത്ത് ബ്രിട്ടനിലെ 'ഫലസ്തീന്‍ ആക്ഷന്‍' എന്ന സംഘടന. ലെസ്റ്ററിലെ മെറിഡിയന്‍ ബിസിനസ് പാര്‍ക്കിലുള്ള എല്‍ബിത് സിസ്റ്റംസ് എന്ന ഫാക്ടറിയാണ് ഇന്നു പുലര്‍ച്ചെ പിടിച്ചെടുത്തത്. 

യുവാക്കളും യുവതികളുമടങ്ങുന്ന സംഘം ഫാക്ടറി കെട്ടിടത്തിനു മുകളില്‍ തങ്ങളുടെ കൊടി നാട്ടി. പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് അഗ്‌നിശമന വിഭാഗത്തിന്റെ സഹായത്തോടെ ഇവരെ ഒഴിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞത്.

ഇസ്രായേലിലെ ഹൈഫ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈനിക ഇലക്ട്രോണിക്സ് കമ്പനിയാണ് എല്‍ബിത് സിസ്റ്റംസ്. അമേരിക്കയും ഓസ്ട്രേലിയയുമടക്കം നിരവധി രാജ്യങ്ങളില്‍ ഇവര്‍ക്ക് ഫാക്ടറികളുണ്ട്. 

ലെസ്റ്ററിലെ ഫാക്ടറിയില്‍ ഇസ്രായേല്‍ സൈന്യത്തിനാവശ്യമായ ഡ്രോണുകളാണ് നിര്‍മിക്കുന്നത്. എല്‍ബിത്തിന്റെ ബ്രിട്ടനിലെ ഫാക്ടറി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫലസ്തീന്‍ ആക്ഷന്‍.

ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞുവെന്നും പൂര്‍ണമായി അടച്ചുപൂട്ടുംവരെ സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും ഫലസ്തീന്‍ ആക്ഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

'ഫലസ്തീനിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ക്രൂരമായ യന്ത്രസാമഗ്രികളുടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തിക്കാന്‍ നമുക്ക് കഴിയുമെന്നാണ് ഇന്നത്തെ പ്രവൃത്തിയില്‍ നിന്നു വ്യക്തമായത്. കഴിഞ്ഞയാഴ്ച യു.കെ ഭരണകൂടം ഇസ്രയേലിന് നല്‍കിയ യുദ്ധോപകരണങ്ങളും സൈനിക സാങ്കേതികവിദ്യയും എത്രമാത്രം നാശങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നുവെന്നും നാം കണ്ടു. ഇസ്രായേലിന്റെ യുദ്ധയന്ത്രത്തിന് ഈ രാജ്യത്ത് കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കുന്നത് തടയാന്‍, ഈ അതിക്രമങ്ങളോട് എതിര്‍പ്പുള്ള എല്ലാവര്‍ക്കും കടമയുണ്ട്', ഫലസ്തീന്‍ ആക്ഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top