News Desk

2021-04-22 05:59:08 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ സ്ഥിതി ഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. ഓക്‌സിജന്‍ ക്ഷാമം നേരിടാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.

അതേസമയം, വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ ഇനി ഓക്‌സിജന്‍ വാങ്ങാന്‍ അനുമതിയുണ്ടാകൂ.

സംസ്ഥാനങ്ങള്‍ക്കിടയിലെ ഓക്‌സിജന്‍ വിതരണത്തില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഓക്‌സിജന്‍ വിതരണത്തിനുള്ള വാഹനങ്ങള്‍ക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. 

രാജ്യത്തെ ഓക്‌സിജന്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഓക്‌സിജന്‍ ലഭ്യത കൂട്ടുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത വര്‍ധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഓക്‌സിജന്‍ ഉല്‍പ്പാദനത്തില്‍ ദിവസം 3300 മെട്രിക് ടണിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സമില്ലാതെ നടക്കണമെന്നും പ്രധാനമന്ത്രി ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top