തിരുവനന്തപുരം: സീറ്റ് നല്‍കാത്തതിന് പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി ജയരാജന് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി.
ഒരു പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയ്ക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല. അതിനാല്‍ തന്നെ സ്ഥാനാര്‍ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജയരാജന് അഭ്യര്‍ഥിച്ചു.
ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എല്‍.ഡി.എഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ തന്നെയും പാര്‍ട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു. പി ജയരാജന് കുറിപ്പില്‍ വ്യക്തമാക്കി.
സീറ്റ് നിഷേധത്തിനെതിരെ വലിയ പ്രതിഷേധമാണ് സൈബര്‍ ഇടങ്ങളില്‍ ജയരാജനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. പി.ജെ ആര്‍മിയുടെ നേതൃത്വത്തില്‍ ഫേസ്ബുക്കില്‍ പ്രതിഷേധം ശക്തമാണ്. നേതാക്കാന്മാരുടെ ഭാര്യമാര്‍ക്ക് സീറ്റു നല്കുന്ന സി.പി.ഐ.എം എന്തുകൊണ്ടാണ് പി. ജയരാജന് സീറ്റ് നിഷേധിച്ചതെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ജയരാജന് സീറ്റ് നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാര്‍ രാജിവെച്ചിരുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക