News Desk

2021-02-28 01:24:58 pm IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമ മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. 

ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായതെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമ മന്ത്രി എകെ ബാലനും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഞായറാഴ്ച രാവിലെ ചര്‍ച്ച നടന്നത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. 

ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ അനുകൂല സമീപനമാണുണ്ടായത്. വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. 

എന്നാല്‍ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സി.പി.ഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top