News Desk

2021-06-15 03:47:11 pm IST
അമൃത്സര്‍: പഞ്ചാബിലെ മോഗ ജില്ലയിലെ ഭൂലാര്‍ ഗ്രാമത്തിലെ മുസ്ലീംങ്ങള്‍ക്ക് പള്ളി പണിയാന്‍ ഒരുങ്ങി അവിടുത്തെ ഗ്രാമവാസികള്‍. സിഖ് മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ നാല് മുസ്ലീം കുടുംബങ്ങള്‍ മാത്രമാണുള്ളത്. 

ഗ്രാമത്തില്‍ ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്. എന്നാല്‍ ഒരു പള്ളിയില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പള്ളി പണിയാന്‍ ഗ്രാമം മുഴുവന്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. 

100 രൂപ രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഗ്രാമവാസികള്‍ പള്ളി പണിയാനായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ വഖഫ് ബോര്‍ഡിന്റെ സഹായവും ചേര്‍ത്താണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് പള്ളിക്ക് തറക്കല്ലിട്ടത്. വലിയ ചടങ്ങായി നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴ കാരണം ഇതിന് സാധിച്ചില്ല. തുടര്‍ന്ന് ചടങ്ങ് ഗുരുദ്വാരയിലേക്ക് മാറ്റുകയായിരുന്നു. പള്ളി നിര്‍മാണ തറക്കല്ലിടല്‍ ചടങ്ങ് നടത്താന്‍ സിഖ് മത വിശ്വാസികള്‍ ഗുരുദ്വാര തുറന്നു കൊടുക്കുകയും ചെയ്തു. 

ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് ഗ്രാമത്തിലൊരു പള്ളിയുണ്ടായിരുന്നുവെന്നാണ് ഗ്രാമ മുഖ്യന്‍ പാല സിംഗ് പറയുന്നത്. കാലക്രമേണ പള്ളി തകര്‍ന്നു പോവുകയായിരുന്നു. വിഭജനകാലത്ത് ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചവരിലെ നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.

ഹിന്ദു, മുസ്ലിം, സിഖ് കുടുംബങ്ങളെല്ലാം സാഹോദര്യത്തോടെയാണ് ഇവിടെ കഴിയുന്നത്. ഇതിനിടയില്‍ മുസ്ലിം വിശ്വാസികള്‍ക്കും ഒരു ആരാധനാലയം വേണമെന്ന ചിന്തയാണ് നേരത്തെ പള്ളി നിന്നിരുന്ന സ്ഥലത്ത് തന്നെ പള്ളി പുനര്‍നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചതെന്നും പാല സിംഗ് കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top