News Desk

2022-08-13 03:58:04 pm IST
ദോഹ: ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ എയര്‍വേയ്സ് യൂറോപ്പില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പ്രചാരണ കാമ്പയിന് ഇന്ന് തുടക്കമാവും.'ദി ജേര്‍ണി ടൂര്‍' എന്ന പേരിലാണ് കാമ്പയിന് നടത്തുന്നത്. 
യൂറോപ്പിലുടനീളം സംഘടിപ്പിക്കുന്ന ഈ ഇന്ററാക്ടീവ് ബസ് ടൂറില്‍ പങ്കെടുത്ത് നിരവധി ഭാഗ്യശാലികള്‍ക്ക് ലോകകപ്പ് കാണാനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയും.

ഇന്ന് (ഓഗസ്റ്റ് 13) ലണ്ടനില്‍ തുടക്കമിടുന്ന  'ദ ജേര്‍ണി ടൂര്‍' പിന്നീട് ബ്രസല്‍സിലെ മാഞ്ചസ്റ്ററിലേക്കും തുടര്‍ന്ന് ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, ഡസല്‍ഡോര്‍ഫ്, കോപ്പന്‍ഹേഗന്‍, സൂറിച്ച്, പാരീസ്, മാഡ്രിഡ്, ബാഴ്‌സലോണ എന്നിവിടങ്ങളിലും പര്യടനം നടത്തും. നെയ്മര്‍ ജൂനിയറിനൊപ്പം തങ്ങളുടെ ഫുട്‌ബോള്‍ മികവ് പരീക്ഷിക്കാനുള്ള അവസരം ഉള്‍പെടെ നിരവധി പരിപാടികളാണ് 'ദ ജേര്‍ണി ടൂര്‍' ല്‍ ഒരുക്കിയിരിക്കുന്നത്.

ആരാധകര്‍ക്ക് ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചും ഫിഫ ലോകകപ്പിനെക്കുറിച്ചും കൂടുതലറിയാനും ആദ്യത്തെ മെറ്റാ ഹ്യൂമന്‍ ക്യാബിന്‍ ക്രൂ ആയ സാമയെ അടുത്തു കാണാനും അവസരമുണ്ടാകും. ലോകകപ്പ് ടിക്കറ്റുകള്‍ക്കൊപ്പം ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യാനുള്ള നിരവധി  പാക്കേജുകളും സമ്മാനമായി ലഭിക്കും.

'ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയെന്ന നിലയില്‍ ഈ അവിശ്വസനീയമായ ടൂര്‍ണമെന്റിനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. 'ദി ജേര്‍ണി ടൂറി'ലൂടെ ലോകകപ്പിനോടുള്ള ആവേശവും അഭിനിവേശവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നവംബറിലെ കിക്ക്-ഓഫിനായി ആരാധകരെ ഖത്തറിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.'ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top