News Desk

2021-03-20 07:21:10 pm IST
ദോഹ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് ഖത്തര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ത്താനി. 

സിറിയന്‍ വിപ്ലവത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നാഷണല്‍ കോലിഷന്‍ ഫോര്‍ സിറിയന്‍ റെവല്യൂഷണറി ആന്റ് ഓപ്പോസിഷന്‍ ഫോര്‍സ് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിക്കിടെയാണ് ഷെയ്ഖ ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയന്‍ വിപ്ലവത്തിന്റെ പത്താം വാര്‍ഷികം ഒരു ദശാബ്ദക്കാലമായി സിറിയയില്‍ തുടരുന്ന അക്രമങ്ങളെയും മനുഷ്യരുടെ നേരെ നടക്കുന്ന അതിക്രമങ്ങളെയും ഭയാനകമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ഷെയ്ഖ ആലിയ പറഞ്ഞു.

സിറിയന്‍ സഹോദരങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും എതിരെയുള്ള ഖത്തറിന്റെ നിയമപരവും ധാര്‍മ്മികവുമായ നിലപാട് അവര്‍ വ്യക്തമാക്കി. 

സിറിയന്‍ സഹോദരങ്ങളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടത് ധാര്‍മ്മികമായ ഉത്തരവാദിത്വമാണെന്നും അതിനാല്‍ സിറിയയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ സംവിധാനം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

അക്രമത്തിലൂടെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ സിറിയന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടാനും സിറിയയുടെ ഐക്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും കഴിയൂയെന്നും അവര്‍ അടിവരയിട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top