News Desk

2021-03-13 03:05:18 pm IST
ദോഹ: അയാട്ടയുടെ (IATA) പുതിയ ട്രാവല്‍ പാസായ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ഖത്തര്‍ എയര്‍വെയ്‌സ്. മാര്‍ച്ച് 11 മുതല്‍ ദോഹ-ഇസ്താംബൂള്‍ സെക്ടറിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് നടപ്പാക്കിയത്. അയാട്ട (ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍), ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി) എന്നിവയുമായി സഹകരിച്ചാണിത്. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറക്കുന്ന ഖത്തര്‍ എയര്‍വേസിന്റെ പദ്ധതിയുടെ ഭാഗമാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ടും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതവും തടസ്സവുമില്ലാതെ മികച്ച യാത്രാനുഭവം നല്‍കുകയാണ് ഖത്തര്‍ എയര്‍വെയ്‌സ് ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിലൂടെ യാത്രക്കാരന് കൊവിഡ് പരിശോധനഫലം ലഭിക്കാനും വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്രാവല്‍ പാസില്‍ ലഭിക്കുമെന്നതിനാല്‍ യാത്രയ്ക്ക് യോഗ്യനാണോ എന്ന് സ്ഥിരീകരിക്കാനും കഴിയും. കൂടാതെ ഒകെ ടു ട്രാവല്‍ (യാത്ര ചെയ്യുന്നതിന് യോഗ്യന്‍) എന്ന സ്റ്റാറ്റസ് യാത്രക്കാരന്‍ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ വിമാന കമ്പനിയുമായും മറ്റു അധികൃതരുമായും ആപ് പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ കൂടുതല്‍ പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താന്‍ യാത്രക്കാരന് സാധിക്കുന്നു.

യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ്-19 വിവരങ്ങളും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും മറ്റു നിര്‍ദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭ്യമാകും. ഇതോടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വിരാമമാകും.

അയാട്ടയുമായി സഹകരിച്ച് പുതിയ കൊവിഡ് സുരക്ഷ പരിപാടിയായ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് നടപ്പാക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താനാകുമെന്നും തടസ്സങ്ങളില്ലാതെ മികച്ച യാത്രാനുഭവം നല്‍കാന്‍ സാധിക്കുമെന്നും ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top