News Desk

2021-03-01 10:55:07 pm IST
ദോഹ: കൊവിഡ് മഹാമാരിക്കാലത്തെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സിനെ തിരഞ്ഞെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സികളില്‍ ഒന്നായ ഇ-ഡ്രീംസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ ലൈനായി ഖത്തര്‍ എയര്‍വെയ്സിനെ തിരഞ്ഞെടുത്തത്.

സേവനത്തിലെ വിശ്വാസ്യത, ടിക്കറ്റ് ബുക്കിംഗ് രംഗത്തെ സുതാര്യത, ഫ്‌ളൈറ്റ് റീഫണ്ടുകള്‍, ഉപഭോക്തക്കളുടെ മൊത്തത്തിലുള്ള അനുഭവം, സുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് അന്തര്‍ദേശീയ തലത്തില്‍ 667 എയര്‍ലൈനുകളിലായി 61,000 ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് ഖത്തര്‍ എയര്‍ വെയ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും സൗകര്യപ്രദമായ ബുക്കിംഗ്, റീഫണ്ട് പോളിസി ഉള്‍പ്പെടെ പകര്‍ച്ചവ്യാധി സമയത്ത് ഉപഭോക്താക്കളെയും വ്യാപാര പങ്കാളികളെയും പിന്തുണക്കുന്ന ഏറ്റവും മികച്ച സേവനം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഖത്തര്‍ എയര്‍ലൈന്‍സ് അഞ്ചില്‍ 4.4 സ്‌കോര്‍ നേടിയാണ് ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന നേട്ടം സ്വന്തമാക്കിയതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

പ്രമുഖരായ ആഗോള വ്യാപാര വിതരണക്കാരില്‍ നിന്ന് തന്നെ ഈ അവാര്‍ഡ് ലഭിച്ചതില്‍ തങ്ങള്‍ക്ക് നന്ദിയും ബഹുമാനവുമുണ്ടെന്ന് ഇ-ഡ്രീംസില്‍ നിന്നുള്ള അവാര്‍ഡിനെ സ്വാഗതം ചെയ്ത ഖത്തര്‍ എയര്‍വെയ്സിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ തിയറി ആന്റിനോറി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ ആദ്യ ദിവസം മുതല്‍ തങ്ങളുടെ ഉപഭോക്താക്കളോടും ബിസിനസിനോടും ഖത്തര്‍ എയര്‍വെയ്സിന്റെ തടസ്സമില്ലാത്ത പ്രതിബദ്ധതയാണ് ഈ പുരസ്‌കാരത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top