News Desk

2021-03-17 05:27:42 pm IST
ദോഹ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.കെ ഏര്‍പ്പെടുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വെയ്‌സ് രംഗത്ത്. മാര്‍ച്ച് 19 മുതലാണ് ഖത്തര്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളെ റെഡ് ട്രാവല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യു.കെയുടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. 

ഈ കാലയളവില്‍ യു.കെയിലേക്ക് യാത്ര ചെയ്യാന്‍ ഖത്തര്‍ എയര്‍വെയ്‌സില്‍ മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതിനകം യു.കെയിലേക്ക് പോകാന്‍ തയ്യാറെടുത്ത യാത്രക്കാരെ സുരക്ഷിതമായി അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് ബ്രിട്ടീഷ് എയര്‍വെയ്സ് ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍ പങ്കാളികളുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.qatarairways.com സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയാനും ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാരെ നിര്‍ദേശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 19 മുതല്‍ ഖത്തറില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top