News Desk

2021-05-18 11:34:09 am IST

ദോഹ: ഗസ്സയില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തര്‍ ഭരണകൂടം. ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ റെഡ് ക്രസന്റ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. 

ഹമദ് ബിന്‍ ഖലീഫ അല്‍ താനി ആശുപത്രിക്കു നേരെയും ആക്രമണം നടന്നിരുന്നു. ഗസ്സയിലെ അല്‍ ജസീറ ഓഫീസുകള്‍ ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്ന അല്‍-ജലാ ടവറില്‍ ഇസ്രായേല്‍ ബോംബുവര്‍ഷം നടത്തി. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം ആറു മണിയോടെയായിരുന്നു ആക്രമണം.

ഇസ്രായേലിന്റെ ഈ പ്രവര്‍ത്തി അന്താരാഷ്ട്ര നിയമം, മാനുഷിക മാനദണ്ഡങ്ങള്‍, മൂല്യങ്ങള്‍ എന്നിവയുടെ വ്യക്തമായ ലംഘനമാണെന്ന് ഖത്തര്‍ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഫലസ്തീന്‍ സമൂഹത്തെ സംരക്ഷിക്കണമെന്നും ഖത്തര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 

അതേസമയം, ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഖത്തര്‍ പറഞ്ഞു. ഇസ്രായേല്‍ നടപടിയെ ഖത്തര്‍ റെഡ് ക്രസന്റും അപലപിച്ചിരുന്നു. 

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം അനുവദിക്കണമെന്നും റെഡ് ക്രസന്റ് ആസ്ഥാനം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാനെന്നും ഫലസ്തീന്‍ റെഡ് ക്രസന്റുമായി സഹകരിച്ച് ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനം തുടരുമെന്നും ഖത്തര്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top