ദോഹ: രാജ്യത്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏതെങ്കിലും പ്രത്യേക ദേശീയതയിലുള്ള പ്രവാസികളെ തെരഞ്ഞെടുക്കാന്‍ ഖത്തര്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്.
പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഖത്തര്‍ ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ തൊഴിലുടമകളെ ഒരുതരത്തിലും നിര്‍ബന്ധിക്കുന്നില്ലെന്നും ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസ്സന് അല്‍ ഒബൈദ്ലി പറഞ്ഞു.
വിദഗ്ധരായ പ്രവാസി തൊഴിലാളികളെ ആകര്‍ഷിക്കാനും അവിദഗ്ദ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നത് പരിമിതപ്പെടുത്താനും മാത്രമാണ് രാജ്യം ശ്രമിക്കുന്നതെന്നും അല്‍ ഒബൈദ്ലി വ്യക്തമാക്കി.
റിക്രൂട്ട്മെന്റിന്റെ കാര്യത്തില്‍ മന്ത്രാലയം ഒരു ദേശീയതയെയും തടയുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നും ഏത് ദേശീയതയിലുള്ളവര്ക്കു വേണ്ടിയും അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ക്ക് അനുസരിച്ച് അപേക്ഷ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനായി നവംബര്‍ 15 മുതല്‍ ഖത്തര്‍ വിദേശ നിയമനത്തിനായി തൊഴില്‍ അംഗീകാരങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ