News Desk

2021-11-22 03:03:09 pm IST
ദോഹ: 2022 ലോകകപ്പ് ഖത്തറിന്റെ കിക്കോഫ് ഇന്നലെ കോര്‍ണിഷിലെ വര്‍ണ്ണാഭമായ ചടങ്ങില്‍ നടന്നു. ചടങ്ങില്‍ ലോകകപ്പിന് പ്രത്യേകം സജ്ജമാക്കിയ ക്ലോക്ക് പ്രദര്‍ശിപ്പിച്ചു.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍ താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ താനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 

ഇവര്‍ക്ക് പുറമെ ചടങ്ങില്‍ ഫുട്‌ബോള്‍ മേഖലയിലെ പ്രഗത്ഭരും ഫുട്‌ബോള്‍ ആരാധകരും പങ്കെടുത്തിരുന്നു. ഡ്രോണ്‍ അഭ്യാസം അടക്കമുള്ള പരിപാടികളും കൗണ്ട് ഡൗണിന്റെ തുടക്കത്തോട് അനുബന്ധിച്ച് കോര്‍ണിഷില്‍ അരങ്ങേറി.

2022ലെ ഫിഫ ലോകകപ്പ് ഖത്തര്‍ എക്കാലത്തെയും മികച്ചതും വിശിഷ്ടമായതുമായ ലോകകപ്പായിരിക്കുമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍. 

ലോകകപ്പിനോട് അനുബന്ധിച്ച് സ്റ്റേഡിയങ്ങള്‍, മെട്രോ, എക്‌സ്പ്രസ് ഹൈവേ, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു. 

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്.  

അല്‍ ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന് കിക്കോഫാകുന്നത്. സ്റ്റേഡിയത്തില്‍ അറുപതിനായിരം പേര്‍ക്ക് ഇരിക്കാം. ഫൈനല്‍ നടക്കുക ലൂസൈല്‍ സ്റ്റേഡിയത്തിലാണ്. ഇവിടെ 80,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ ഇരിക്കാം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top