News Desk

2021-05-31 04:01:30 pm IST

ദോഹ: ഇസ്രായേലുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന അന്തരാഷ്ട്ര സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ പ്യൂമയെ ബഹിഷ്‌ക്കരിക്കണമെന്നു ഖത്തറിലെ സ്വതന്ത്ര ഫലസ്തീന്‍ അനുകൂല യുവജന സംഘടന. പ്യൂമയെ ബഹിഷ്‌ക്കരിക്കാന്‍ പ്രാദേശിക ക്ലബ്ബുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സംഘടന ഫുട്‌ബോള്‍ ആരാധകരോട് ആവശ്യപ്പെട്ടു. 

ഇത് സംബന്ധിച്ച് പ്രാദേശിക ഖത്തരി ടീമുകള്‍ക്ക് മെയ് 20-ന് ഏഴ് പ്രത്യേക കത്തുകള്‍ അയച്ചതായി യുവജന സംഘമായ ക്യൂ.എ.വൈ.ഒ.എന്‍ അറിയിച്ചു. ഓരോ കത്തിലും ഫലസ്തീനുള്ള പിന്തുണയും സംഘം തേടിയിട്ടുണ്ട്. 

'സയണിസ്റ്റുകളുടെ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ പ്യൂമ പങ്കാളിയാണ്. അധിനിവേശത്തെ പ്രതിനിധീകരിക്കുന്ന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌പോണ്‍സര്‍ഷിപ്പും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിര്‍മ്മിച്ച വാസസ്ഥലങ്ങളിലുള്ളവരെ പരിശീലിപ്പിക്കുന്ന സയണിസ്റ്റ് ക്ലബ്ബുകളും ഇതിന് ഉദാഹരണമാണ്.'', കത്തില്‍ പറയുന്നു. 

പ്യൂമ ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി (ഐ.എഫ്.എ) നാലു വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമം ലംഘിച്ചു കൊണ്ട് ഫലസ്തീന്‍ കുടുംബങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത ഭൂമിയില്‍ നിര്‍മിക്കപ്പെട്ട നിയമവിരുദ്ധ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഐ.എഫ്.എ. 

നിയമവിരുദ്ധ ഇസ്രായേലി പാര്‍പ്പിട സമുച്ചയങ്ങളുമായുള്ള ഐ.എഫ്.എയുടെ ബന്ധത്തെ യു.എന്‍ ഉപദേശകരും, പൊതുവ്യക്തിത്വങ്ങളും, പൗരാവകാശ-മനുഷ്യാവകാശ സംഘങ്ങളും ആവര്‍ത്തിച്ച് അപലപിച്ചിരുന്നു. 

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് 200 ലധികം ഫുട്‌ബോള്‍ ക്ലബുക്കള്‍ക്ക് പ്യൂമയെ ബഹിഷ്‌കരിക്കണമെന്നു ആവശ്യപ്പെട്ട് സംഘം കത്തയച്ചിരുന്നു. എന്നാല്‍ ഈ ക്ലബ്ബുകള്‍ ഒന്നും പ്രസ്തുത വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top