ഖത്തറിന്റെയും ഏഷ്യന്‍ വന്‍കരയിലെ കായികപ്രേമികളുടെയും കാലങ്ങളായുള്ള കാത്തിരിപ്പിന് ഇനി രണ്ടു വര്‍ഷം മാത്രം. കൊവിഡാനന്തര കാലത്തെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ സജ്ജമായികൊണ്ടിരിക്കുന്നു. മിഡില്‍ ഈസ്റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് 2022 നവംബര്‍ 21ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം ഉച്ചക്ക് ഒന്നിന് കിക്കോഫ് വിസിലുയരും.
കാര്‍ബണ്‍ വിസരണം കുറച്ച് തീര്‍ത്തും പരിസ്ഥിതിസൗഹൃദവും സുസ്ഥിരതയും പാരമ്പര്യവുമെല്ലാം ഉള്‍ക്കൊള്ളിച്ച പ്രഥമ ലോകകപ്പ് ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് അവസരം നല്‍കുന്നതാണ്. ലോകകപ്പിന് വേണ്ടിയുള്ള വേദിയടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കുന്നു. എട്ട് സ്റ്റേഡിയങ്ങളില്‍ അഞ്ചും പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം മുന്നെ തന്നെ ലോകകപ്പിനായി മുക്കാല്‍ പങ്കും ഒരുങ്ങിക്കഴിഞ്ഞു.
ഖലീഫ സ്റ്റേഡിയം, വക്റ അല്‍ ജനൂബ് സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് പൂര്‍ത്തിയായത്. അല്‍ റയ്യാന്‍, അല്‍ ബെയ്ത് സ്റ്റേഡിയം, തുമാമ സ്റ്റേഡിയം എന്നിവ അവസാന മിനുക്കുപണികളിലാണ്. കണ്ടെയ്നര്‍ സ്റ്റേഡിയമെന്നറിയപ്പെടുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയം, കലാശപ്പോരാട്ട വേദിയായ മധ്യേഷ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ എന്നിവ 2021ല്‍ നിര്‍മാണം പൂര്‍ത്തിയാകും.
ലോകകപ്പിന് വേണ്ടി രാജ്യത്തുടനീളം ദ്രുതഗതിയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ദോഹ േെമട്രാ ഇതിനകം തന്നെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രധാന ഗതാഗത മാര്‍ഗവും േെമട്രാ ആയിരുന്നു. പുതിയ റോഡുകളടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് വരാനും പോകാനും സൗജന്യ മെട്രോ ലിങ്ക് ബസുകളും മെട്രോ എക്സ്പ്രസ് ടാക്സികളുമുണ്ട്. എജ്യുക്കേഷന്‍ സിറ്റി, ലുസെയ്ല്‍ സിറ്റി സ്റ്റേഡിയങ്ങളില്‍ ട്രാമുകളുമുണ്ട്. കര്‍വബസുകളും ടാക്സികളും വൈദ്യുതീകരിച്ച് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതമാകും 2022ലേത്. വിമാനത്താവള വികസനവും സ്റ്റേഡിയങ്ങളിലെ വാഹന പാര്‍ക്കിങ് സൗകര്യങ്ങളും പുരോഗതിയിലാണ്.
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നൂതന പതിപ്പിനായിരിക്കും ഖത്തറിലേത്. ഓരോ സ്റ്റേഡിയവും തമ്മില്‍ അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഫുട്ബാള്‍ പ്രേമികള്‍ക്കും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സ്റ്റേഡിയങ്ങളില്‍നിന്നും സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാസമയം വളരെ കുറവായിരിക്കും. മുന്‍ കഴിഞ്ഞ ലോകകപ്പുകളില്‍ സ്റ്റേഡിയങ്ങളില്‍നിന്നും സ്റ്റേഡിയങ്ങളിലേക്ക് മണിക്കൂറുകളുടെ വിമാന യാത്രകളാണുണ്ടായിരുന്നത്. ഖത്തറില്‍ രണ്ട് സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റര്‍ മാത്രമാണ്. അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയവും വക്റയിലെ അല്‍ ജനൂബ് സ്റ്റേഡിയവും തമ്മിലാണ് ഏറ്റവും ദൂരം കൂടിയത്. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയവും റയ്യാന്‍ സ്റ്റേഡിയവും തമ്മിലുള്ള ദൂരമാകട്ടെ, അഞ്ച് കിലോമീറ്റര്‍ മാത്രം. 650 കോടി യു.എസ് ഡോളര്‍ ചെലവിട്ടാണ് സ്റ്റേഡിയങ്ങളും പരിശീലന സൈറ്റുകളും നിര്‍മിക്കുന്നത്.
കാണികള്‍ക്ക് വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങളോടെയാണ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം. ഉദ്ഘാടന വേദിയായ അല്‍ ബെയ്ത്തിലെ പാര്‍ക്കില്‍ കൃത്രിമ തടാകങ്ങള്‍, റസ്റ്ററന്റുകള്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കാണികള്‍ക്ക് തണലേകാന്‍ സ്റ്റേഡിയങ്ങളുടെ ചുറ്റിനുമായി 16,000 ത്തോളം മരങ്ങളാണ് നട്ടുവളര്‍ത്തുന്നത്. ഫാന്‍ സോണുകളിലൊന്ന് ദോഹ കോര്‍ണിഷിലെ അല്‍ ബിദ പാര്ക്കാണെന്നാണു സൂചന. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാണികള്‍ക്കായി മികച്ച വിനോദപരിപാടികളും ഉണ്ടാകും.
ഏറ്റവും സുരക്ഷിതമായ ലോകകപ്പിനുള്ള തയാറെടുപ്പുകളാണ് സുപ്രീം കമ്മിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. ഇന്റര്‍പോളുമായി ചേര്‍ന്നാണ് ലോകകപ്പ് സുരക്ഷ ഒരുക്കുന്നത്. വന്‍കിട കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോഴുള്ള സൈബര്‍ വെല്ലുവിളികളെ നേരിടാനുള്ള സുരക്ഷകളും സജ്ജമാണ്.
കളിക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ടീം ബേസ് ക്യാംപുകള്‍ തയ്യാറാക്കിയിരിക്കുന്നത് താമസ-പരിശീലന ആശയത്തിലാണ്.
ഇരുപതിലധികം ടിബിസികളാണുള്ളത്. ഓരോ ടീമുകള്‍ക്കുമുള്ള പ്രത്യേകം പരിശീലന ഇടങ്ങളില്‍ ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഫ്ലഡ്ലിറ്റ് പിച്ചുകള്‍, അനുബന്ധ ടീം സൗകര്യങ്ങള്‍, പാര്‍ക്കിങ്, പൊതുപരിശീലന സെഷനുകളില്‍ കാണികള്‍ക്കുള്ള ഇടങ്ങള്‍ എന്നിവയുണ്ട്. ഓരോ പരിശീലന സ്ഥലത്തും പിച്ചുകള്‍ തമ്മില്‍ അഞ്ചു മീറ്റര്‍ അകലമുണ്ട്. 2022 മത്സരവേദികളിലെ പിച്ചുകള്‍ക്ക് സമാനമാണ് പരിശീലന സ്ഥലങ്ങളിലേതും. ഒരേ തരത്തിലും ഗുണനിലവാരത്തിലുമുള്ള കളിസ്ഥലം, ജലസേചന, ഡ്രെയ്നേജ് സംവിധാനം എന്നിവയാണുള്ളത്. ഓരോ ടിബിസികളിലും ഡ്രസിങ് മുറികള്‍, വാര്‍ത്തസമ്മേളനങ്ങള്‍ക്കുള്ള ഇടം, ഭക്ഷണ, വിശ്രമ മുറികള്‍, ഐടി, കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍, ബ്രോഡ്കാസറ്റ്, മീഡിയ സൗകര്യങ്ങളുമുണ്ട്.
മറ്റു ലോകകപ്പുകളില്‍ നിന്നു വേറിട്ട താമസ സൗകര്യങ്ങളാണ് കളിക്കാര്‍ക്കും കാണികള്‍ക്കും അതിഥികള്‍ക്കും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഒരുക്കുന്നത്. മൂന്നു മുതല്‍ അഞ്ചു സ്റ്റാര്‍ വരെയുള്ള ഹോട്ടല്‍ മുറികള്‍, ആഡംബര കപ്പലുകള്‍, ഖെതെയ്ഫാന്‍ ഐലന്‍ഡിലെ തീരങ്ങളില്‍ വെള്ളപരപ്പിന് മീതേ 16 ഹോട്ടലുകള്‍, മരുഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അറബ് കൂടാരങ്ങള്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യങ്ങള്‍. 90,000ത്തോളം മുറികളാണ് ഒരുക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഉടമകളില്‍ നിന്നു പാര്‍പ്പിട സമുച്ചയങ്ങളും ഫ്ലാറ്റുകളും വാടകയ്ക്കും എടുക്കുന്നുണ്ട്. 150 പ്രോപ്പര്‍ട്ടികളിലായി ഇതുവരെ 15,000ത്തോളം മുറികള്‍ സജ്ജമാക്കി.
ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് വീടുകളില്‍ ആതിഥേയത്വം ഒരുക്കാന്‍ തയ്യാറാണോയെന്നറിയാന് രാജ്യത്തെ സ്വദേശി, പ്രവാസി ജനതകളുടെ അഭിപ്രായവും സുപ്രീം കമ്മിറ്റി തേടിയിട്ടുണ്ട്. സര്‍വേ മികച്ച പ്രതികരണം നേടിയാല്‍ 'ഹോസ്റ്റ് എ ഫാന്‍' എന്ന പദ്ധതിയിലൂടെ കാണികള്‍ക്ക് വീടുകളിലും താമസമൊരുങ്ങും.
ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പായിരിക്കും ഖത്തറിലേതെന്ന ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോയുടെ വാക്കുകള്‍ കായിക പ്രേമികളുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ഖത്തര്‍ ലോകകപ്പ് ആരാധകരുടെ സാന്നിധ്യത്തില്‍ തന്നെ നടത്തുമെന്ന് ഇന്‍ഫാന്റിനോ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ എത്താതിരിക്കുന്നതിനെ പറ്റി തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകകപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക വിമാനം പുറത്തിറക്കിയിട്ടുണ്ട്. ലോകകപ്പിന്റെ ഔദ്യോഗിക എംബ്ലവും നിറവും നല്‍കിയാണ് ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക വിമാനം പുറത്തിറക്കിയിരിക്കുന്നത്. ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് വിമാനം ആദ്യ സര്‍വീസ് നടത്തുക. വിമാനം സര്‍വീസ് നടത്തുന്ന രാജ്യങ്ങളില്‍ ലോകകപ്പിന്റെ ആവേശമുണര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ലോകകപ്പ് ബ്രാന്‍ഡിങ്ങുമായി കൂടുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ അധികം താമസിയാതെ പുറത്തിറങ്ങും.
നിലവില്‍ എല്ലാ വന്‍കരകളിലുമായി യോഗ്യതാ പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി വര്‍ഷാവസാനം നടക്കുന്നുവെന്ന പ്രത്യേകതയുള്ള ഖത്തര്‍ ലോകകപ്പ് 32 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഒടുവിലത്തെ ടൂര്‍ണമെന്റും കൂടിയാണ്.
ആത്മവിശ്വാസത്തോടെ, ദൃഢനിശ്ചയത്തോടെ, പ്രതിജ്ഞാബദ്ധതയോടെ ഖത്തര്‍ ലോകകപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഇനി ആകാംഷയുടെ രണ്ടുവര്ഷങ്ങള്... കാത്തിരിക്കുക....
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ