2021-03-10 03:22:11 pm IST
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഖത്തര്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കുകയും ചെയ്തിരുന്നു. ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് പ്രധാനമായും ഹെല്‍ത്ത് കാര്‍ഡ് പുതുക്കേണ്ടത് എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരാണെങ്കില്‍പ്പോലും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന നടത്താനും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനും ഹെല്‍ത്ത് കാര്‍ഡ് അത്യാവശ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് ഇത് രണ്ടും സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എല്ലാവരും കാര്‍ഡ് പുതുക്കണമെന്ന് എച്ച്.എം.സി ആവശ്യപ്പെടുന്നത്. എന്നാല്‍ നിയമം പ്രാബല്യത്തിലായോടെ ഹെല്‍ത്ത് കാര്‍ഡ് നഷ്ടപ്പെട്ടു പോയവരും നിലവില്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരും ഇപ്പോള്‍ ആകെ അങ്കലാപ്പിലാണ്. മലയാളികള്‍ അടക്കമുള്ളവര്‍ പുതിയ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള നെട്ടോട്ടത്തിലുമാണ്. അതേസമയം, പുതിയ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും പുതുക്കാനും തിരക്കു വര്‍ധിച്ചതിനാല്‍ ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന വാര്‍ത്തയാണ് പുതുതായി ഖത്തറില്‍ നിന്നും പുറത്തു വരുന്നത്. 

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എന്തിനും ഏതിനും ഹെല്‍ത്ത് കാര്‍ഡിന്റെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. നാട്ടിലെത്താന്‍ മുന്‍കൂട്ടിയുള്ള കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ചട്ടം നിലവില്‍ ഇന്ത്യയില്‍ വന്നുകഴിഞ്ഞു. അതേസമയം, സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഖത്തറിലെ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ടെസ്റ്റ് സൗജന്യമായി നടത്താം. എന്നാല്‍ ഇതിന് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. മാത്രമല്ല, സ്വകാര്യമേഖലയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ ഭീമമായ തുകയും നല്‍കേണ്ടിവരും. ഈ സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റ് നടത്താനും ഹെല്‍ത്ത് കാര്‍ഡ് അത്യാവശ്യമാണ്. നിലവില്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡ് പുതുക്കുന്നതിന് https://hukoomi.gov.qa എന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കാം. സര്‍ക്കാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയാല്‍ മാത്രം മതിയാകും. ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഇതു കഴിഞ്ഞാല്‍ 100 റിയാല്‍ ഫീസ് നല്‍കി പ്രവാസികള്‍ക്ക് കാര്‍ഡ് പുതുക്കാം. ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഹമദ് മെഡിക്കല്‍ സെന്ററിലെ 16060 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കണം. കാര്‍ഡ് നഷ്ടമായത്, കേടുപാടുകള്‍ സംഭവിച്ചത് എന്നിവ സംബന്ധിച്ച പരിഹാരങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

പുതിയ ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഖത്തര്‍ ഐഡിയുള്ള ആര്‍ക്കും സാധിക്കുന്നതാണ്. ഇതിന് 100 റിയാല്‍ നല്‍കണം. www.hamad.qa എന്ന സൈറ്റില്‍ വിശദവിവരങ്ങളുണ്ട്. 107 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മലയാളത്തില്‍ അടക്കം വിവരങ്ങള്‍ ലഭിക്കും.

തൊഴിലാളികള്‍ക്കും ബാച്ചിലേഴ്‌സിനും പുതിയ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ നിലവില്‍ അബൂഹമൂര്‍ റിലീജിയസ് കോംപ്ലക്‌സിന് അടുത്തുള്ള ഖത്തര്‍ റെഡ്ക്രസന്റിന്റെ ഹെല്‍ത്ത് സെന്ററില്‍ മാത്രമേ സൗകര്യമുള്ളൂ. വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഇവിടെ ടോക്കണ്‍ അനുവദിക്കുന്നത്. രാവിലെ എട്ടുമുതല്‍ ആദ്യം എത്തിയവര്‍ക്കാണ് ടോക്കണ്‍ നല്‍കുക. ഞായര്‍, തിങ്കള്‍, ചൊവ, ബുധന്‍ ദിവസങ്ങളിലേക്കായുള്ള ടോക്കണുകള്‍ ഒരുമിച്ച് വെള്ളിയാഴ്ച മാത്രമാണ് നല്‍കുക. മറ്റു ദിവസങ്ങളില്‍ ഈ ടോക്കണ്‍ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു. സാധുവായ ഖത്തര്‍ ഐഡന്റിന്റി കാര്‍ഡ്, ഒരു ഫോട്ടോ, 100 റിയാല്‍ എന്നിവയുമായാണ് എത്തേണ്ടത്. പുതിയ കാര്‍ഡ് തയാറാകുന്ന കാര്യവും കൈപ്പറ്റേണ്ട വിവരവും ഇവിടെനിന്ന് അറിയിക്കും. അതേസമയം, ഒരേ കമ്പനിയില്‍നിന്നുതന്നെ രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനായി ഉണ്ടെങ്കില്‍ മന്‍ദൂബിനെ ഇക്കാര്യം ഏല്‍പിക്കുകയാണ് വേണ്ടത്. മന്‍ദൂബ് കാര്‍ഡുമായി ജീവനക്കാരുടെ രേഖകള്‍ സഹിതം വന്നാല്‍ ഒന്നിച്ച് ഹമദില്‍ പോയി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള നമ്പര്‍ കൊടുക്കുന്നതാണ്. 

നിലവില്‍ ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് യാത്രാ ആവശ്യത്തിനായി കൊവിഡ് പരിശോധന നടത്തണമെങ്കില്‍ ഇന്‍ഡസ്ട്രില്‍ ഏരിയയിലെ ഹമദിന്റെ സാറ്റലൈറ്റ് ആശുപത്രിയില്‍ സൗകര്യമുണ്ട്. ഇതിനായി 40265565 എന്ന നമ്പറില്‍ രാവിലെ 7.45നും വൈകുന്നേരം മൂന്നിനുമിടയില്‍ വിളിക്കണം. യാത്രാആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധന മാത്രമാണ് ഇവിടെ നടക്കുക. അതുപോലെ ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്കും ഖത്തര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാക്‌സിനേഷന്‍ ലഭ്യമാകുന്നതാണ്. കുടുംബമായി താമസിക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ അവര്‍ക്ക് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡിനായി അപേക്ഷിക്കാം. കുടുംബാംഗങ്ങള്‍ കുടുംബനാഥന്റെ സ്‌പോണ്‍സര്‍ഷിപ്പിലാവണം. ഇത്തരം നടപടിക്രമങ്ങള്‍ ശരിയായ രൂപത്തില്‍ ആയാലേ ഫാമിലി ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭ്യമാകൂ.

രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കടക്കം ചികിത്സ സൗജന്യമായി ലഭിക്കണമെങ്കില്‍ അടിസ്ഥാന രേഖയായി സമര്‍പ്പിക്കേണ്ട ഒന്നാണ് ഹെല്‍ത്ത് കാര്‍ഡ്. ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഹമദ് ആശുപത്രികള്‍, റെഡ്ക്രസന്റ് ആശുപത്രികള്‍ എന്നിവിടങ്ങളിലൊക്കെ ചികിത്സ വേണമെങ്കില്‍ അതിന്‌വേണ്ട അടിസ്ഥാന രേഖയാണ് ഹെല്‍ത്ത് കാര്‍ഡ്. 100 റിയാല്‍ മുടക്കിയാല്‍ ഹെല്‍ത്ത് കാര്‍ഡ് കിട്ടുമെങ്കിലും ഗുരുതരരോഗം വരുന്നതുവരെ കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ളവര്‍. ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ ചികിത്സ ഏറെ സങ്കീര്‍ണമാകും. ഭീമമായ പണച്ചെലവും വരും. കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ ഖത്തറില്‍ കൊവിഡ് ടെസ്റ്റ് സൗജന്യമായി നടത്തണമെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ എത്രയും വേഗം കാര്‍ഡ് ഇല്ലാത്തവര്‍ പുതിയ കാര്‍ഡ് എടുക്കുകയും കാലാവധി കഴിഞ്ഞവര്‍ അത് പുതുക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top