ലോകത്താകമാനം കൊവിഡ് വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചിരിക്കുകയാണ്. വിപണിയില്‍ വാക്സിനുകള്‍ ലഭ്യമാണെങ്കിലും പൂര്‍ണമായും കൊവിഡിനെ പിടിച്ചുകെട്ടാന്‍ രാജ്യങ്ങള്‍ക്കായിട്ടില്ല. കൊവിഡാവട്ടെ വിവിധ വകഭേദങ്ങള്‍ കൈവരിച്ച് കൂടുതല്‍ പടര്‍ന്നുപിടിക്കുകയാണ്. വീണ്ടുമൊരു ലോക്ഡൗണിലേയ്ക്ക് രാജ്യങ്ങള്‍ക്ക് കടക്കേണ്ടി വരുമെന്ന സാധ്യതയും അതി വിദൂരമല്ല.
വൈറസ് റിപ്പോര്‍ട്ട് ചെയ്ത മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിനെ വരുതിയിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. രോഗനിരക്ക് 200-ല്‍ താഴെ വരെ എത്തിയിരുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി മറിച്ചാണ്. രാജ്യം വീണ്ടും ലോക്ഡൗണിനു സമാനമായ നടപടി ക്രമങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനം ജനങ്ങള്‍ കൊവിഡ് മുന്‍കരുതലുകള്‍ വ്യാപകമായി ലംഘിക്കുന്നതാണെന്നാണ് ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്മാന് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞത്.
ശനിയാഴ്ച മാത്രം നിയമ ലംഘനത്തിന് അറസ്റ്റിലായവരുടെ എണ്ണം ഇതിനെ സാധൂകരിക്കുന്നതാണ്. 642 പേര്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. പതിനാരത്തോളം ആളുകള്‍ നിലവില്‍ നടപടി നേരിടുന്നുണ്ട്. ജയില്‍ ശിക്ഷ അടക്കമുള്ള നടപടികള്‍ ഉണ്ടെങ്കിലും ജനങ്ങളുടെ അശ്രദ്ധ തുടരുകയാണ്.
ആളുകള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും കുടുംബ പരിപാടികളില്‍ പങ്കെടുക്കുന്നതും വര്‍ധിച്ചത് വൈറസ് വ്യാപിക്കുന്നതിന് കാരണമായി എന്ന് അല്‍ ഖാല്‍ പറഞ്ഞിരുന്നു. ആശുപത്രികളില്‍ ദിവസേന ചെല്ലുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത് രാജ്യത്ത് വൈറസിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനയായിരിക്കം എന്നും പറഞ്ഞിരുന്നു.
പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ തലേദിവസം ഖത്തറില്‍ 30-ലേറെ വിവാഹങ്ങള്‍ നടന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഖത്തറിലെ വിവാഹങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മാത്രമായി നീക്കിവച്ചിട്ടുള്ള ഖത്തര്‍ വെഡ്ഡിങ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ്, ശനിയാഴ്ച്ച 30-ലേറെ വിവാഹങ്ങള്‍ നടന്നതായി അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി ഏഴു മുതല്‍ വിവാഹത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഫെബ്രുവരി ആറിന് പരമാവധി വിവാഹങ്ങള്‍ നടത്തിയതെന്നാണ് കരുതുന്നത്.
ദേശീയ കായിക ദിനം ആഘോഷിക്കാന്‍ ഫെബ്രുവരി ഒമ്പതിന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓട്ടം, നീന്തല്‍, സൈക്ലിങ്ങ് എന്നിങ്ങനെയുള്ള മത്സരങ്ങളെല്ലാം വ്യക്തിഗതമായിരിക്കും. എല്ലാ കായിക മത്സരങ്ങളും ഔട്ട്ഡോറിലാവും നടത്തുക. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല.
ഇതുകൂടാതെ വിവിധങ്ങളായ പുതിയ നിയന്ത്രണങ്ങളും സര്‍ക്കാര ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ മൊത്തം ജീവനക്കാരുടെ 80 ശതമാനം ആളുകള്‍ ജോലിസ്ഥലത്ത് ഹാജരായാല്‍ മതി. ബാക്കിയുള്ള ജീവനക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് ജോലി ചെയ്താല്‍ മതിയാവും.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 15 പേര്‍ക്ക് മാത്രം യോഗങ്ങളില്‍ പങ്കെടുക്കാം.
വീടിന് പുറത്തു പോകുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായി മാസ്ക് ധരിക്കണം. വാഹനം ഓടിക്കുമ്പോള്‍ ഒറ്റയ്ക്കല്ലെങ്കില്‍ മാസ്ക് ധരിക്കണം. ഡ്രൈവര്‍ അടക്കം നാലുപേരില്‍ കൂടുതല്‍ ആളുകള്‍ കാറുകളില്‍ യാത്ര ചെയ്യാന്‍ പാടില്ല. കുടുംബാംഗങ്ങള്‍ക്ക് ഇളവുകളുണ്ട്.
വീടിന് പുറത്ത് ഇറങ്ങുന്ന എല്ലാ പൗരന്മാരും താമസക്കാരും നിര്‍ബന്ധമായി മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് സജീവമാക്കുക.
പള്ളികളിലെ ദൈനംദിന പ്രാര്‍ത്ഥനകളും ജുമുഅ നമസ്കാരങ്ങളും നടത്താം. അതേസമയം, പള്ളികളിലെ ശുചിമുറികളും വുളു സൗകര്യങ്ങളും അടഞ്ഞു കിടക്കുന്നത് തുടരും.
സന്ദര്‍ശനങ്ങള്‍, അനുശോചനങ്ങള്‍, മറ്റ് ഒത്തു ചേരലുകള്‍ എന്നിവക്ക് വീടുകള്‍, ഹാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടാന്‍ പാടില്ല. തുറസ്സായ സ്ഥലങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പരമാവധി 15 പേര് മാത്രമേ പങ്കെടുക്കാവൂ.
വിന്റര്‍ ക്യാമ്പുകളില്‍ 15 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരാന്‍ പാടില്ല.
രാജ്യത്ത് തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 20 പേരും വീട്, ഹാള്‍, തുടങ്ങിയ അകത്തളങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 10 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. കൂടാതെ, വിവാഹം നടക്കുന്ന തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ നേരത്തെ അറിയിക്കണം.
രാജ്യത്തെ പൊതു പാര്‍ക്കുകളിലെ കളിസ്ഥലങ്ങളും കായിക പരിശീലന സൗകര്യങ്ങളും അടയ്ക്കും. ബീച്ചുകളിലും കോര്‍ണിഷിലും ഒത്തുചേരലുകള്‍ക്ക് 15 പേരെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ബസുകളില്‍ മുഴുവന്‍ ശേഷിയുടെ പകുതി ആളുകള്‍ മാത്രമേ യാത്ര ചെയ്യാവൂ.
30 ശതമാനം ശേഷിയില്‍ മെട്രോ സേവനങ്ങളും പൊതുഗതാഗതവും തുടരും.
ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് 25 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
സിനിമാ തിയേറ്ററുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം. എന്നാല്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനാനുമതിയില്ല.
വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
നഴ്സറികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
പൊതു മ്യൂസിയങ്ങളും ലൈബ്രറികളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്ന ശേഷിക്കാര്ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ സഹായത്തിന് പ്രവേശനമുള്ളൂ.
പ്രൊഫഷണല്‍ സ്പോര്‍ട്സ് ടീമുകള്‍ക്കുള്ള പരിശീലനം ഓപ്പണ്‍ സ്പേസുകളില്‍ 40 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ ഇത് 20 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാണികളുടെ സാന്നിധ്യം നിരോധിച്ചിരിക്കുന്നു.
പ്രാദേശികവും അന്തര്‍ദേശീയവുമായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടുക.
എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വിവിധ പരിപാടികള്‍ എന്നിവ നടത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം.
വാണിജ്യ സമുച്ചയങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ശേഷിയില്‍ തുടരും. അതേസമയം, വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ എല്ലാ ഭക്ഷണശാലകളും അടക്കും. റെസ്റ്റോറന്റുകള്‍ക്ക് പുറത്തു നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കും.
റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഉള്ളില്‍ 15 ശതമാനം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. 'ക്ലീന്‍ ഖത്തര്‍' പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളിലും കഫേകളിലും 30 ശതമാനം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഇത് തുറസ്സായ സ്ഥലങ്ങളില്‍ 50 ശതമാനം പേര്‍ക്കും ഭക്ഷണം കഴിക്കാം.
വിനോദ ആവശ്യങ്ങള്‍ക്കായി ബോട്ടുകള്‍, ടൂറിസ്റ്റുകള്‍ക്കായുള്ള ക്രൂയിസ് ബോട്ടുകള്‍ എന്നിവ വാടകക്ക് നല്കുന്ന സേവനം നിര്‍ത്തണം.
പ്രധാന മാര്‍ക്കറ്റുകളില്‍ ജനങ്ങളുടെ ശേഷി 50 ശതമാനമായി കുറയ്ക്കും.
ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ ജനങ്ങളുടെ ശേഷി 30 ശതമാനമായി ആയി കുറയ്ക്കും.
ഹെയര്‍ഡ്രെസിംഗ്, ബ്യൂട്ടി സലൂണുകളുടെ ശേഷി 30 ശതമാനമായി കുറയ്ക്കും.
അടച്ച സ്ഥലങ്ങള്ക്കുള്ളിലെ വാണിജ്യ സമുച്ചയങ്ങളിലെ അമ്യൂസ്മെന്റ് പാര്‍ക്കുകളും എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കും. തുറസ്സായ സ്ഥലങ്ങളിലുള്ളവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ പരമാവധി ശേഷി 30 ശതമാനം കവിയരുത്.
ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിസിക്കല്‍ ട്രെയിനിംഗ് ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ തുടരും. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 30 ശതമാനം ശേഷിയില്‍ മസാജ് സേവനങ്ങളും തുടരും.
എല്ലാ ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങളും ഇന്‍ഡോര്‍ വാട്ടര്‍തീം പാര്‍ക്കുകളും അടയ്ക്കുകയും തുറസ്സായ സ്ഥലങ്ങളിലുള്ള നീന്തല്‍ക്കുളങ്ങളും വാട്ടര്‍തീം പാര്‍ക്കുകളും 30 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാനും പാടുള്ളൂ.
പൊതുജനങ്ങള്‍ അത്യാവശ്യമായി മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പിടികൂടുന്നതിനായി റോഡുകളിലും പരിസരങ്ങളിലും പൊലീസ് പട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍പ്പിട മേഖലകളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ആരോഗ്യ മേഖലയ്ക്ക് ഇനിയും നിര്‍വചിക്കാന്‍ കഴിയാത്ത രീതിയിലാണ് കൊവിഡിന്റെ രൂപമാറ്റങ്ങള്‍. ഈ വൈറസുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ തോതും വര്‍ധിക്കുന്നുണ്ട്. ഒരു രാജ്യമെന്ന നിലയില്‍ ഖത്തര്‍ തങ്ങളുടെ പൗരന്മാരെയും പ്രവാസ സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന അശ്രദ്ധയാണ് ഇവിടെ വില്ലനാകുന്നത്. രാഷ്ട്രം നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ച് കൊവിഡിനെ പിടിച്ചു കെട്ടാന്‍ സഹായിക്കല്‍ പ്രവാസിയെന്നോ പൗരനെന്നോ വ്യത്യാസമില്ലാതെ ഓരോ വ്യക്തികളുടെയും സാമൂഹിക ഉത്തരവാദിത്തമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ