News Desk

2020-02-17 04:09:53 pm IST
ദോഹ: വ്യാപാരം, നിക്ഷേപ സഹകരണം എന്നിവ  ശക്തിപെടുത്താനായി കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന്  ഖത്തർ - കസാക്കിസ്ഥാൻ രാജ്യങ്ങൾ.

നാഷണൽ വിഷൻ 2030തിന്റെ ഭാഗമായി 2018 -2022 ൽ ആവിഷ്കരിച്ച രണ്ടാമത്തെ ദേശീയ വികസന തന്ത്രങ്ങളിൽ രാജ്യം സാമ്പത്തിക വളർച്ചയും സാമ്പത്തിക വൈവിധ്യവൽക്കരണവും സ്വാതന്ത്ര്യവും കൈവരിക്കുന്നതിൽ ഖത്തർ വിജയിച്ചതായി വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു. ഖത്തർ - കസാഖ് സംയുക്ത ഉന്നത സമിതിയുടെ അഞ്ചാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം  

പ്രാദേശിക നിക്ഷേപ ബിസിനസ് ഹബ് എന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ മുൻകൈകളും നടപടികളും വേഗത്തിലാക്കാൻ ഖത്തർ ശ്രമിച്ചിട്ടുണ്ടെന്നും. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി തങ്ങളുടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും ചടങ്ങിൽ  മന്ത്രി അൽ കുവാരി പറഞ്ഞു.

അതേസമയം, ആഗോള വിപണികളിലേക്ക് സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിനും ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഹമദ് തുറമുഖം, സ്വതന്ത്ര മേഖലകൾ, ലോജിസ്റ്റിക്കൽ, വ്യാവസായിക മേഖലകൾ തുടങ്ങിയ നൂതന അടിസ്ഥാന സൗകര്യങ്ങൾ ഖത്തർ  ഇതിനായി ഉപയോഗപ്പെടുതുന്നുണ്ടെന്ന് കുവാരി വിശദീകരിച്ചു.

ഇതിന്റെ ഭാഗമായി 2020 ൽ ബിസിനസ്സ് എളുപ്പത്തിൽ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ മികച്ച ഇരുപത്ത് രാജ്യങ്ങളിൽ ഒന്ന് ഖത്തർ ആണ്.

എന്നാൽ ഖത്തറും കസാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കണമെന്നും ഉഭയകക്ഷി ബന്ധത്തിന് കരുത്തേകുന്ന വിജയകരമായ നിക്ഷേപ പങ്കാളിത്തത്തിലേക്ക് ഇരു രാജ്യങ്ങളിലെയും സ്വകാര്യമേഖലയെ പ്രാപ്തരാക്കുന്നതിനായി സർക്കാർ തലത്തിൽ സഹകരണം വർദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ഉഭയകക്ഷി നിക്ഷേപവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും 2008ൽ  ധാരണാപത്രത്തിൽ  ഒപ്പുവെച്ചിരുന്നു. അതുകൂടാതെ തന്നെ 2019 നവംബർ ഏഴിന് ഒപ്പുവെച്ച വ്യോമഗതാഗത ധാരണാപത്രം ഉൾപ്പെടെ നിലവിലുള്ള കരാറുകൾ സജീവ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദോഹ, നൂർ സുൽത്താൻ നഗരങ്ങൾക്കിടയിൽ ഏഴ്  ഫ്ലൈറ്റുകളും ദോഹയ്ക്കും അൽമാറ്റി നഗരത്തിനും ഇടയിൽ ഏഴ്  അധിക ഫ്ലൈറ്റുകളും പ്രവർത്തിക്കുന്നത്  വിനോദസഞ്ചാരമേഖലയിൽ കൂടുതൽ സഹകരണത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. 

നിലവിൽ കസാക്കിസ്ഥാൻ ഏറ്റെടുക്കുന്ന സ്വകാര്യവൽക്കരണ പരിപാടിയിലേക്ക് സംഭാവന നൽകാനും ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്ന മേഖലകളിലേക്ക് നിക്ഷേപം നടത്താനും ഖത്തർ ആഗ്രഹിക്കുന്നുണ്ടെന്നും കുവാരി കൂട്ടിച്ചേർത്തു.

Top