News Desk

2021-04-07 04:16:13 pm IST
ദോഹ: കണ്ണൂരിലെ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍ കെ.എം.സി.സി. 'കണ്ണൂര്‍ ജില്ലയില്‍ കള്ള വോട്ടുകള്‍ വഴി മാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിച്ച പാരമ്പര്യമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇത്തവണ പരാജയഭീതിയില്‍ നടത്തിയ കൊലപാതകം മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് നാണക്കേടാണ് ഉണ്ടാക്കിയത് എന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പറഞ്ഞു. മന്‍സൂര്‍ എന്ന ചെറുപ്പക്കാരനെ  ക്രൂരമായ രീതിയില്‍ കൊലചെയ്ത പൈശാചിക കൃത്യത്തെ അപലപിക്കുന്നതായി കെ.എം.സി.സി കമ്മിറ്റി അറിയിച്ചു'.

ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ ആണ് വെട്ടേറ്റ് മരിച്ചത്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞിരുന്നു.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന്‍ കോഴിക്കോട് ചികിത്സയിലാണ്. കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. 

മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ 150-ാം നമ്പര്‍ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സി.പി.എം കേന്ദ്രങ്ങളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആളുകളെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. 

പോളിംഗിനിടെ തന്നെ മുഹ്‌സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്‌സിന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top