ദോഹ: ഖത്തറില്‍ രണ്ടാമത്തെ കൊവിഡ് തരംഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ആക്ടിംഗ് ചെയര്മാന് ഡോ. അഹമ്മദ് മുഹമ്മദ് പറഞ്ഞു.
രണ്ടാമത്തെ തരംഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് രണ്ടു മുതല്‍ മൂന്നു ആഴ്ച വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഡോ. അഹമ്മദ് മുഹമ്മദ് അല്‍ റയ്യാന്‍ ടിവിയില്‍ സംസാരിക്കവെ പറഞ്ഞത്. രാജ്യത്തുടനീളം സജീവമായ കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഒരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വൈറസ് പടരുന്നത് തടയാനുള്ള ഏറ്റവും നല്ല സമീപനമാണ്. ആളുകള്‍ സാധാരണപോലെ ജോലി, പരിപാടികള്‍, എക്സിബിഷനുകള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയുമായി മുമ്പോട്ട് പോവുകയാണെങ്കില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കാന്‍ ഇടയാക്കും.'', അദ്ദേഹം പറഞ്ഞു.
''കൊവിഡിന്റെ ഒന്നാം തരംഗം മൂര്‍ധന്യത്തില്‍ നിന്നിരുന്ന 2020 മെയ് മാസത്തില്‍ 220 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നു. വൈറസിന്റെ ഈ രണ്ടാം തരംഗത്തില്‍ കൂടുതല്‍ ആളുകള്‍ രോഗികളാവുകയും കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കൊവിഡിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ്. യാത്രക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്കേറിയ സമയങ്ങള്‍ എന്നിവയിലൂടെയൊക്കെ ആയിരിക്കാം വകഭേദങ്ങള്‍ രാജ്യത്തേയ്ക്ക് പ്രവേശിച്ചിട്ടുണ്ടാവുക.''
''എല്ലാ വകഭേദങ്ങള്‍ക്കുമുള്ള ചികിത്സാ രീതികള്‍ തുല്യമാണ്. എന്നിരുന്നാലും കടുത്ത രോഗ ലക്ഷണങ്ങളുള്ള ആളുകള്‍ ഉടന്‍ തന്നെ ആശുപത്രികളിലെത്തി ആവശ്യമായ ചികിത്സ നേടണമെന്നും'' അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രണ്ടാം തരംഗത്തില്‍ കൂടുതല്‍ കുട്ടികള്‍ രോഗ ബാധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക