Sandra Acharya /സാന്ദ്ര ആചാര്യ

2020-10-14 10:10:07 am IST
കൊവിഡ് പ്രതിസന്ധി എല്ലാ മേഖലയെയും തകിടം മറിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് നിരവധി പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കൂടിയാണ്. എന്നാല്‍ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതി നിരാശയിലായ നിരവധി പ്രവാസികളെ ചേര്‍ത്തു നിര്‍ത്തി ഖത്തര്‍ മാതൃകയാവുകയാണ്. രാജ്യത്തെ തൊഴിലാളികളുടെ മാനസികാരോഗ്യം സ്ഥിരതപ്പെടുത്താന്‍ ഖത്തര്‍ ഇതിനോടകം തന്നെ നിരവധി പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. ഈ കൊവിഡ് കാലത്തും പ്രവാസി തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും വിശകലനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാനും തൊഴില്‍ മന്ത്രാലയവും സര്‍ക്കാരും സദാ സജ്ജമാണ്. 

കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങളൊന്നും നേരിട്ടിരുന്നില്ല. എല്ലാ മേഖലയെയും ഈ മഹാമാരി സ്തംഭിപ്പിച്ചപ്പോള്‍ ഖത്തറില്‍ പതിനായിരങ്ങളാണ് രാപകലില്ലാതെ ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും തടസം വരുത്താതെ പൂര്‍ത്തീകരിക്കാന്‍ തയ്യാറായത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു നിന്ന സമയത്തു പോലും ലോകകപ്പ് തൊഴിലാളികള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാതെ അവരുടെ സുരക്ഷക്കും ക്ഷേമത്തിനു വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗരുകരായിരുന്നു. തൊഴിലാളികളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി നിരവധി സംരംഭങ്ങളാണ് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നടപ്പിലാക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്കിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും അതെല്ലാം പരിഹരിക്കുന്നതില്‍ സുപ്രീം കമ്മിറ്റി  മുന്‍നിരയിലുണ്ടായിരുന്നുവെന്നും സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. നിര്‍മാണ തൊഴിലാളികള്‍ക്കിടയിലെ മാനസിക പ്രശ്‌നങ്ങളും സമ്മര്‍ദങ്ങളും അകറ്റുന്നതിന് നിരവധി സംരംഭങ്ങളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് സുപ്രീംകമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുതന്നെ തൊഴിലാളികള്‍ക്കിടയിലെ മാനസിക പിരിമുറുക്കങ്ങള്‍ പരിശോധിക്കുന്നതിനും മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയവുമായും എച്ച്.എം.സിയുമായും സുപ്രീം കമ്മിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് പ്രത്യേക പങ്കാളിത്ത പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ തൊഴിലാളികളുടെ സംരക്ഷണത്തിന് തൊഴിലുടമ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷക്കായിരിക്കണം പ്രഥമ പരിഗണന. ബോധവത്കരണം, സുരക്ഷ മുന്‍കരുതലുകള്‍, തൊഴിലാളികളുടെ ആരോഗ്യം സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണം, തൊഴിലാളികളുടെ ശരീരോഷ്മാവ് ദിവസേന പരിശോധിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് പ്രധാനമായും മന്ത്രാലയം തൊഴിലുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് മാസ്‌കും കൈയുറയും നിര്‍ബന്ധമായും നല്‍കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ വിശ്രമ സമയം അനുവദിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ കൃത്യമായി വൈദ്യ സഹായം നല്‍കുകയും വേണം. 

കൊവിഡ് മഹാമാരി സാമ്പത്തിക മേഖലയെയും വളരെയധികം മോശമായാണ് ബാധിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഖത്തറിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തിയുള്ള മിനിമം വേതന നിയമം തൊഴിലാളിക്ഷേമത്തിലേക്കുള്ള പുതിയ ചുവടുവെപ്പായിരുന്നു. ഈയടുത്താണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിയമത്തിന് അംഗീകാരം നല്‍കിയത്. പുതിയ നിയമപ്രകാരം തൊഴിലാളിക്ക് 1000 റിയാല്‍ മിനിമം വേതനം നല്‍കണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നല്‍കുന്നില്ലെങ്കില്‍ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സിനായി 300 റിയാലും പുറമേ നല്‍കാനും നിയമം അനുശാസിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഖത്തര്‍ ഇതോടെ മാറി.

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ലോക്ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ആ കാലയളവില്‍ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. ലോക്ഡൗണ്‍ മൂലമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരുകയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തിന്റെയും കാര്യങ്ങള്‍ തീരുമാനിക്കണം.നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികള്‍ ശമ്പളം നല്‍കണം. ഐസൊലേഷന്‍, ക്വാറന്റീന്‍, ചികിത്സ എന്നിവയിലുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമ അടിസ്ഥാന ശമ്പളവും അസുഖാവധി ആനുകൂല്യങ്ങളും നല്‍കണം. കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. 

തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എന്‍.ഒ.സി സംവിധാനവുംം ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അടുത്ത കാലത്ത് നീക്കം ചെയ്തിട്ടുണ്ട്. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എന്‍.ഒ.സി കൂടാതെ തന്നെ ജോലി മാറാന്‍ സാധിക്കും. തൊഴില്‍ വിപണിയില്‍ പുതിയ ഉണര്‍വ് വരുത്താന്‍ പുതിയ തൊഴില്‍ പരിഷ്‌കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും തൊഴിലുടമകള്‍ക്ക് കഴിയും. പ്രാപ്തിയുമുള്ള ഉദ്യോഗാര്‍ഥികളെ തേടുന്നതിനും ഇത് സഹായകമാകും. തൊഴിലാളിക്ക് മിനിമം വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ തര്‍ക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. 

മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്ക് മാനസികാരോഗ്യവും നിലനിര്‍ത്താന്‍ കഴിയൂ. ഈ മേഖലയില്‍ ഖത്തര്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഖത്തര്‍ ലോകകപ്പ് തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടൂര്‍ണമെന്റിന്റെ പ്രാദേശിക-സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്. വിദേശികള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന മറ്റൊരു ഗള്‍ഫ് രാജ്യം വേറെയില്ലെന്ന് തന്നെ പറയാം. കാരണം സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസ അടക്കം പിടിച്ചുപറ്റിയതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

'

Top