News Desk

2021-05-05 07:08:08 pm IST
ദോഹ: വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. ദാവോസ് 2021ന്റെ വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ആഗോള വിദ്യാഭ്യാസ ഗുണനിലവാര സൂചികയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ ലോകത്തെ നാലാം സ്ഥാനത്തുമാണ് ഖത്തര്‍. യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. അറബ് ലോകത്ത് രണ്ടാം സ്ഥാനവും ലോകത്ത് പത്താം സ്ഥാനവും ആണ് യു.എ.ഇയ്ക്ക്. ലെബനന്‍ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 25 ആം സ്ഥാനത്തും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബഹ്റൈന്‍ (33), ജോര്‍ദാന്‍ (45), സൗദി അറേബ്യ (54), ടുണീഷ്യ (84), കുവൈത്ത് (97), മൊറോക്കോ (101), ഒമാന്‍ (107), അള്‍ജീരിയ (119) മൗറിറ്റാനിയ (134) എന്നിങ്ങനെയാണ് മറ്റ് അറബ് രാജ്യങ്ങളുടെ സ്ഥാനം. ഈജിപ്ത് ആണ് അറബ് മേഖലയിലെ അവസാന സ്ഥാനത്ത് നില്‍ക്കുന്നത്. 

ലിബിയ, സുഡാന്‍, സൊമാലിയ, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷം പൂര്‍ണ്ണമായും സൂചികയില്‍ നിന്ന് പുറത്താണ്. വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ലോകത്തെ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. രണ്ടാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡും മൂന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡും ആണ്.

ഫോറം നിശ്ചയിച്ച ആഗോള മത്സര സൂചികയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിലെ രാജ്യങ്ങളുടെ റാങ്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 12 അടിസ്ഥാന വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിച്ചാണ് സൂചിക സ്‌കോറുകള്‍ കണക്കാക്കുന്നത്. 

സ്ഥാപനങ്ങള്‍, നവീകരണം, മാക്രോ ഇക്കണോമിക്, പരിസ്ഥിതി, ആരോഗ്യം, അടിസ്ഥാന വിദ്യാഭ്യാസം, സര്‍വകലാശാലാ വിദ്യാഭ്യാസം, പരിശീലനം, ചരക്ക് വിപണി കാര്യക്ഷമത, തൊഴില്‍ വിപണി കാര്യക്ഷമത, മൂലധന വിപണി വികസനം, സാങ്കേതിക സന്നദ്ധത, വിപണി വലുപ്പം, സാങ്കേതികവിദ്യ എന്നിവയാണ് ഈ വിഭാഗങ്ങള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top