News Desk

2021-02-03 10:28:40 pm IST
ദോഹ: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. പൊതുജനാരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷമാണ് പുതിയ തീരുമാനം.

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് 32 ഇന നിയന്ത്രണങ്ങളാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്. ഈ നിബന്ധനകള്‍ 2021 ഫെബ്രുവരി നാല് (നാളെ) 
മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ വിവാഹ ചടങ്ങുകള്‍ക്കുള്ള നിയന്ത്രണം ഫെബ്രുവരി ഏഴ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

മന്ത്രിസഭ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ ഇനി പറയുന്നവയാണ്: 

1. സര്‍ക്കാര്‍ മേഖലയിലെ  മൊത്തം ജീവനക്കാരുടെ 80 ശതമാനത്തില്‍ കൂടുതല്‍ ജോലിസ്ഥലത്ത് ഹാജരാവേണ്ടതില്ല. ബാക്കിയുള്ള ജീവനക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് ജോലി ചെയ്യുക.

2- സ്വകാര്യ മേഖലയിലെ മൊത്തം ജീവനക്കാരുടെ 80 ശതമാനത്തില്‍ കൂടുതല്‍ ജോലിസ്ഥലത്ത് ഹാജരാവേണ്ടതില്ല. ബാക്കിയുള്ള ജീവനക്കാര്‍ അവരുടെ വീടുകളില്‍ നിന്ന് ജോലി ചെയ്യുക.

3- സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 15 പേര്‍ക്ക് മാത്രം യോഗങ്ങളില്‍ പങ്കെടുക്കാം.

4- വീടിന് പുറത്തു പോകുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഒറ്റയ്ക്കല്ലെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

5- വീടിന് പുറത്ത് ഇറങ്ങുന്ന എല്ലാ പൗരന്മാരും താമസക്കാരും നിര്‍ബന്ധമായി മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് സജീവമാക്കുക.

6- പള്ളികളിലെ ദൈനംദിന പ്രാര്‍ത്ഥനകളും ജുമുഅ നമസ്‌കാരങ്ങളും നടത്താം. അതേസമയം, പള്ളികളിലെ ശുചിമുറികളും വുളു സൗകര്യങ്ങളും അടഞ്ഞു കിടക്കുന്നത് തുടരും.

7 - സന്ദര്‍ശനങ്ങള്‍, അനുശോചനങ്ങള്‍, മറ്റ് ഒത്തു ചേരലുകള്‍ എന്നിവക്ക് വീടുകള്‍, ഹാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടാന്‍ പാടില്ല. തുറസ്സായ സ്ഥലങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പരമാവധി 15 പേര്‍ മാത്രമേ പങ്കെടുക്കാവൂ.              

8- വിന്റര്‍ ക്യാമ്പുകളില്‍ 15 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരാന്‍ പാടില്ല.

9- രാജ്യത്ത് വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് ഇതുവരെ പുതിയ നിയന്ത്രണങ്ങളൊന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 20 പേരും വീട്, ഹാള്‍, തുടങ്ങിയ അകത്തളങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 10 പേരും മാത്രമേ ബന്ധുക്കള്‍ പങ്കെടുക്കാന്‍ പാടുള്ളൂ. കൂടാതെ, വിവാഹം നടക്കുന്ന തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ നേരത്തെ അറിയിക്കണം. മന്ത്രാലയം നിര്‍ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍ എന്നിവ പാലിക്കുകയും വേണം.

10- രാജ്യത്തെ പൊതു പാര്‍ക്കുകളിലെ കളിസ്ഥലങ്ങളും കായിക പരിശീലന സൗകര്യങ്ങളും അടയ്ക്കും. ബീച്ചുകളിലും കോര്‍ണിഷിലും ഒത്തുചേരലുകള്‍ക്ക് 15 പേരെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

11- ഡ്രൈവര്‍ അടക്കം നാലുപേരില്‍ കൂടുതല്‍ ആളുകള്‍ കാറുകളില്‍ യാത്ര ചെയ്യാന്‍ പാടില്ല. അതേസമയം, കുടുംബങ്ങള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും.

12- ബസുകളില്‍ മുഴുവന്‍ ശേഷിയുടെ പകുതി ആളുകള്‍ മാത്രമേ യാത്ര ചെയ്യാവൂ. എല്ലാ മുന്‍ കരുതല്‍ നടപടികളും പാലിക്കണം.

13- 30 ശതമാനം ശേഷിയില്‍ മെട്രോ സേവനങ്ങളും പൊതുഗതാഗതവും തുടരും.

14- ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് 25 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

15- സിനിമാ തീയറ്ററുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം. എന്നാല്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനാനുമതിയില്ല.

16- വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

17- നഴ്‌സറികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

18- പൊതു മ്യൂസിയങ്ങളും ലൈബ്രറികളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

19- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമേ സഹായത്തിന് പ്രവേശനമുള്ളൂ.

20- പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്കുള്ള പരിശീലനം ഓപ്പണ്‍ സ്‌പേസുകളില്‍ 40 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ ഇത് 20 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാണികളുടെ സാന്നിധ്യം നിരോധിച്ചിരിക്കുന്നു.

21- പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടുക. അതേസമയം, അടച്ച സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സാന്നിധ്യം നിരോധിക്കുകയും തുറസ്സായ സ്ഥലങ്ങളില്‍ 20 ശതമാനം കാണികളെ അനുവദിക്കുകയും ചെയ്യുന്നു.

22- എക്‌സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വിവിധ പരിപാടികള്‍ എന്നിവ നടത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം.

23- വാണിജ്യ സമുച്ചയങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ശേഷിയില്‍ തുടരും. അതേസമയം, വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ എല്ലാ ഭക്ഷണശാലകളും അടക്കും. ഭക്ഷണ ശാലകളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഴിയില്ല. അതേസമയം, ഈ റെസ്റ്റോറന്റുകള്‍ക്ക് പുറത്തു നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കും.

24- റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഉള്ളില്‍ 15 ശതമാനം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. 'ക്ലീന്‍ ഖത്തര്‍' പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളിലും കഫേകളിലും 30 ശതമാനം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഇത് തുറസ്സായ സ്ഥലങ്ങളില്‍ 50 ശതമാനം പേര്‍ക്കും ഭക്ഷണം കഴിക്കാം.

25- വിനോദ ആവശ്യങ്ങള്‍ക്കായി ബോട്ടുകള്‍, ടൂറിസ്റ്റുകള്‍ക്കായുള്ള ക്രൂയിസ് ബോട്ടുകള്‍ എന്നിവ വാടകക്ക് നല്‍കുന്ന സേവനം നിര്‍ത്തുക.

26- പ്രധാന മാര്‍ക്കറ്റുകളില്‍ ജനങ്ങളുടെ ശേഷി 50 ശതമാനമായി കുറയ്ക്കും.

27- ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ ജനങ്ങളുടെ ശേഷി 30 ശതമാനമായി ആയി കുറയ്ക്കും.   

28- ഹെയര്‍ഡ്രെസിംഗ്, ബ്യൂട്ടി സലൂണുകളുടെ ശേഷി 30 ശതമാനമായി കുറയ്ക്കും.    

29- അടച്ച സ്ഥലങ്ങള്‍ക്കുള്ളിലെ വാണിജ്യ സമുച്ചയങ്ങളിലെ അമ്യൂസ്മെന്റ് പാര്‍ക്കുകളും എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കും. തുറസ്സായ സ്ഥലങ്ങളിലുള്ളവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ പരമാവധി ശേഷി 30 ശതമാനം കവിയരുത്.

30- ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിസിക്കല്‍ ട്രെയിനിംഗ് ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ തുടരും. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 30 ശതമാനം ശേഷിയില്‍ മസാജ് സേവനങ്ങളും തുടരും.

31- എല്ലാ ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങളും ഇന്‍ഡോര്‍ വാട്ടര്‍തീം പാര്‍ക്കുകളും അടയ്ക്കുകയും തുറസ്സായ സ്ഥലങ്ങളിലുള്ള നീന്തല്‍ക്കുളങ്ങളും വാട്ടര്‍തീം പാര്‍ക്കുകളും 30 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാനും പാടുള്ളൂ.

32- സ്വകാര്യ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ മുന്‍ പ്രകാരം പ്രവര്‍ത്തിക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top