News Desk

2021-02-15 10:55:10 pm IST

ദോഹ: കോഴിക്കോട് തൂണേരിയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിനെ വിട്ടയച്ചത് മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്ന്. അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതാണിത്. എന്നാല്‍ എത്ര രൂപയാണ് നല്‍കിയതെന്ന് അഹമ്മദ് വ്യക്തമാക്കിയിട്ടില്ല. 

തട്ടിക്കൊണ്ടു പോയവര്‍ തന്നെ രാമനാട്ടുകരയ്ക്കടുത്ത് കണ്ണുകെട്ടി ഉപേക്ഷിക്കുകയായിരുന്നു എന്ന് അഹമ്മദ് പറഞ്ഞു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ എത്ര ആളുകള്‍ ഉണ്ടായിരുന്നു എന്ന് തനിക്കറിയില്ലെന്നും തന്നെ പാര്‍പ്പിച്ചിരുന്നത് മലപ്പുറത്ത് എവിടെയോ ആയിരുന്നെന്ന് ആളുകളുടെ സംസാരത്തില്‍ നിന്നും മനസ്സിലായെന്നും അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

രാമനാട്ടുകരയില്‍ നിന്നും പരിചയമില്ലാത്ത ആളില്‍ നിന്നും കാശ് കടം വാങ്ങിയാണ് വീട്ടില്‍ എത്തിയതെന്നും താന്‍ ബസ്സിലാണ് വീട്ടിലേയ്ക്ക് വന്നതെന്നും അദ്ദേഹം അന്വേഷ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നാളെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അഹമ്മദിന്റെ മൊഴിയെടുക്കും. അതേസമയം, കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരവെയാണ് അജ്ഞാത സംഘം അഹമ്മദിനെ രാമനാട്ടുകരയില്‍ ഉപേക്ഷിച്ചത്.

രണ്ട് ദിവസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് രാത്രിയോടെ വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയത്.

അതേസമയം, സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അഹമ്മദിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹം വീട്ടിലെത്തുന്നത്. 

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റൂറല്‍ എസ്.പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top