News Desk

2021-05-03 03:35:36 pm IST
ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍ രോഗവ്യാപനത്തെ തടഞ്ഞു നിര്‍ത്താമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. 

വിവിധ ഭാഷകളില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശങ്ങളിലൂടെ പ്രതിരോധ കുത്തിവയ്പ്പിലൂടെയും മുന്‍കരുതല്‍ നടപടികളിലൂടെയും രാജ്യത്തെ വൈറസ് വ്യാപനം തടയാനായെന്നു ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊവിഡ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ദിവസേനയുള്ള കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 23ന് 798 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്നലെ (മെയ് 2ന്) 646 പുതിയ കേസുകളാണു കണ്ടെത്തിയത്. ഏപ്രില്‍ 23നും മെയ് 2നും ഇടയില്‍ 14,090 പേര്‍ക്കു സുഖം പ്രാപിച്ചതോടെ 178,461ല്‍ നിന്ന് 192,551 ആയി രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.

രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിനിലും വലിയ കുതിപ്പാണു പ്രകടമാകുന്നത്. ഇതുവരെ മുതിര്‍ന്ന ജനസംഖ്യയുടെ 44 ശതമാനത്തിലധികം പേര്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ ഖത്തര്‍ കൊവിഡിനെ തുടച്ചു നീക്കൂന്നതില്‍ വിജയിച്ചുവെന്ന് കരുതാവുന്നതാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top