News Desk

2021-01-31 05:25:01 pm IST
ദോഹ: വിദ്യാര്‍ത്ഥികളുടെ ഈ അധ്യയന വര്‍ഷത്തെ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ ഫലങ്ങളില്‍ സംതൃപ്തിയില്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഫലങ്ങള്‍ തൃപ്തി തരുന്നതല്ലെങ്കിലും ഈ വര്‍ഷത്തെ കൊവിഡിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന വിജയ നിരക്കാണ് ഫസ്റ്റ് സെമസ്റ്ററില്‍ കിട്ടിയിരിക്കുന്നത്്. അതെസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് അല്‍ ഹമ്മാദി ചൂണ്ടിക്കാട്ടി. 

ഹാജര്‍ നിരക്ക് തീരുമാനിച്ചത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ മാത്രമല്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായവും മാനിച്ച് കൊണ്ടാണ്. ഇക്കാര്യത്തില്‍ രണ്ടാം സെമസ്റ്ററില്‍ 50 ശതമാനത്തിലധികം ഹാജര്‍ നിരക്കെന്ന നിബന്ധനയില്‍ നിന്നും നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ സാധ്യത കാണുന്നില്ല. 

പൊതുജനങ്ങള്‍ക്കായി കൂടുതല്‍ വാക്‌സിന്‍ എത്തുന്നതുവരെയെങ്കിലും ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ആരോഗ്യമാണ് വിദ്യാഭ്യാസത്തെക്കാള്‍ പ്രധാനമെന്ന വാദമാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് വക്കുന്നത് എന്നും അല്‍ ഹമ്മാദി പ്രസ്താവനയില്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top