News Desk

2021-12-05 11:15:55 pm IST
ദോഹ: ഖത്തറില്‍ അടുത്തിടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവില്‍ ആശങ്ക വേണ്ടെന്ന് എച്ച്.എം.സിയിലെ കോര്‍പ്പറേറ്റ് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍ അജ്മി പറഞ്ഞു.

ലോകമെമ്പാടുമുള്ള പുതിയ ഒമിക്രോണ്‍ വേരിയന്റിന്റെ ആവിര്‍ഭാവത്തിനൊപ്പം കേസുകളുടെ വര്‍ദ്ധനയും കൊവിഡിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ അല്‍ അജ്മി പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാനുള്ള മൂന്ന് പ്രധാന മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. 

ആദ്യം, അര്‍ഹതപ്പെട്ടവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഉള്‍പ്പെടെയുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക. രണ്ട്, കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ കേസുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ വേഗത്തില്‍ പരിശോധന നടത്തുക. മൂന്ന്, സാമൂഹിക അകലം പാലിക്കല്‍, കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക എന്നിവയാണ് മൂന്ന് പ്രധാന മാര്‍ഗനിര്‍ദേശങ്ങളെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു.

അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ച് സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും അവര്‍ ആവര്‍ത്തിച്ചു.

അതേസമയം, ഖത്തറില്‍ ഇന്ന് 153 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 138 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2153 പേരാണ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top