News Desk

2021-09-14 05:52:02 pm IST

ദോഹ: അഫാഗന്‍ വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍. അഫ്ഗാന്‍ പ്രതിസന്ധിയില്‍ ദോഹ ഒരു നിഷ്പക്ഷ മധ്യസ്ഥന്റെ പങ്ക് വഹിക്കുന്നുവെന്നും ഒരു കക്ഷിയുടേയും പക്ഷം പിടിക്കില്ലെന്നും അവര്‍ എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

അഫ്ഗാനില്‍ വിവിധ രാഷ്ട്രീയ, ഉദ്യോഗ തല പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സമാധാനം ലക്ഷ്യമിട്ടു കൊണ്ട് ഖത്തര്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ എല്ലാ വിഭാഗം ആളുകളെയും ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഖത്തറിനായിട്ടുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ അല്ലെങ്കില്‍ ഡെമോക്രാറ്റിക് ഭരണകൂടങ്ങള്‍ ഒരു ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടിട്ടില്ല. 

അമേരിക്കന്‍ പൗരന്മാരെ താലിബാന്‍ ചെക് പോസ്റ്റുകളില്‍ നിന്നും രക്ഷപ്പെടുത്തിയ കാര്യത്തില്‍ അമേരിക്ക പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിലെ ഖത്തറിന്റെ പ്രത്യേക അംബാസിഡര്‍ അല്‍ കഹ്താനി മുന്‍കൈയെടുത്താണ് താലിബാനില്‍ നിന്നും ഒഴിപ്പിക്കലുകള്‍ പൂര്‍ത്തിയാക്കുന്നത്. ഇക്കാര്യത്തില്‍ ഖത്തറിനെ യു.എസ് ബഹുമാനിക്കുന്നു. 

കാബൂളിലെ യു.എസ് എംബസി അടച്ചതോടെ അഫ്ഗാനിസ്ഥാനിലെ പുതിയ യു.എസ് നയതന്ത്ര ദൗത്യം പൂര്‍ണ്ണമായും ദോഹയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലേക്ക് 58,000 വ്യോമ കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ഫിഫ ലോകകപ്പ് റെസിഡന്‍സ് പരിസരം ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തില്‍ ലോക കപ്പ് ഫുട്ബാള്‍ തന്നെ മികച്ച സന്ദേശം ആഗോള തലത്തിലെ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് ഫിഫ പ്രസിഡന്റ സൂചിപ്പിച്ചതും അല്‍ ഖാതിര്‍ ഓര്‍മിപ്പിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top