ദോഹ: ഖത്തറില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ആറ് ബില്ല്യണ്‍ റിയാലിന്റെ കരാറില്‍ ഒപ്പുവെച്ചതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതി.
ഖത്തറിന്റെ പരിസ്ഥിതി സഹൃദ സമീപനത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നത്. ഇതിനായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവെക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മന്ത്രി ഖത്തര്‍ ട്രിബ്യൂണിനോടു പങ്കുവെച്ചു. ചൈനയിലെ ഷെങ്ഷൗ യുതോങ് ഗ്രൂപ്പുമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാറില്‍ ഒപ്പുവെക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുള്ള അസംബ്ലി പ്ലാന്റുകള്‍, ഇലക്ട്രിക് ബസ് ഡിപ്പോകള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയവ ഖത്തറിലുടെനീളം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022-ലെ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് 100 ശതമാനം ബസുകളും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മൊവാസലാത്തുമായി 150 ഇലക്ട്രിക് ടാക്സികള്‍ വാങ്ങുന്നതിനായി കരാര്‍ ഒപ്പിടാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം. ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് ഖത്തറിലെ പൊതുഗതാഗത രംഗത്ത് 25 ശതമാനം എങ്കിലും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനാണ് കരാറെന്ന് മൊവാസലത്ത് സി.ഇ.ഒ ഫഹദ് സാദ് അല്‍ ഖഹ്താനി പറഞ്ഞു.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ദോഹ മെട്രോ തങ്ങളുടെ പക്കലുണ്ട്. ഖത്തറിലെ സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നൂറു ശതമാനം ബസ്സുകളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതമായില് പ്രവര്‍ത്തിക്കുന്നതാക്കി മാറ്റും. 2030-നുള്ളില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് പൂര്‍ണ്ണമായും മാറുകയാണ് ലക്ഷ്യമെന്നും ഖഹ്താനി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ