News Desk

2021-04-23 04:17:29 pm IST
ദോഹ: ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്വാറന്റൈന്‍ സൈറ്റായ ഡിസ്‌കവര്‍ ഖത്തറില്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.



കൂടാതെ ഖത്തറിന് പുറത്ത് നിന്ന് സ്വീകരിക്കാവുന്ന അംഗീകൃത വാക്‌സിന്‍ ബ്രാന്‍ഡുകളുടെ പട്ടികയിലും കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ആളിന് ഖത്തറിലേക്ക് വരുമ്പോള്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. 

ഏപ്രില്‍ 25 മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. എന്നാല്‍ കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞ് ഖത്തറില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ക്വാറന്റൈന്‍ ഇളവ് ലഭിക്കുക. 

വാക്‌സിന്‍ സ്വീകരിച്ചതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ അംഗീകൃത മറ്റ് വാക്‌സിനുകള്‍. ഇതില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒറ്റ ഡോസ് സ്വീകരിച്ചാല്‍ മതിയാകും. 

അതേസമയം, ഏപ്രില്‍ 25 മുതല്‍ ഖത്തറിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റ് ചെയ്തിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഖത്തറിലേയ്ക്ക് എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്. പ്രാദേശിക ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരമുള്ള മെഡിക്കല്‍ സെന്ററില്‍ നിന്നാണ് ടെസ്റ്റ് നടത്തേണ്ടത്. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top