News Desk

2021-04-24 05:29:22 pm IST
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിന് മുന്നോടിയായ സുപ്രധാന കായിക മാമാങ്കമായ ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് ഈ മാസം 27ന്. ഈ വര്‍ഷം അവസാനത്തോടെ ദോഹയില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 നായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച്ച രാത്രി ഒമ്പതിന് ദോഹയിലെ കത്താറ ഒപ്പേറ ഹൗസില്‍ നടക്കും. ടൂര്‍ണമെന്റില്‍ 23 അറബ് രാജ്യങ്ങളാണ് മത്സരിക്കുക.

പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടക്കുക. ലോക കപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവസരമായാണ് കൃത്യം ഒരു വര്‍ഷം മുമ്പ് നടക്കുന്ന ഈ ടുര്‍ണമെന്റിനെ കാണുന്നത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് അറബ് കപ്പ് ഫൈനല്‍ നടക്കുക.

ലോക കപ്പിനായി തയ്യാറാക്കിയ ആറ് സ്റ്റേഡിയങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങള്‍ നടക്കുക. അവയില്‍ ചിലത് ഈയിടെ മികച്ച അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച സ്റ്റേഡിയങ്ങളാണ്. മറ്റുള്ളവ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ഖത്തറിന് പുറമേ അല്‍ജീരിയ, ബഹ്റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലബ്നാന്‍, ലിബിയ, മൗറിത്താനിയ, മൊറോക്കോ, ഒമാന്‍, ഫലസ്തീന്‍, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുദാന്‍, സുദാന്‍, സിറിയ, തുണീസ്യ, യുഎഇ, യമന്‍ എന്നിവയാണ് ഫിഫ അറബ് കപ്പില്‍ പങ്കെടുക്കുന്ന 23 രാജ്യങ്ങള്‍. ടൂര്‍ണമെന്റ് ഫോര്‍മാറ്റിനെക്കുറിച്ചും മാച്ച് കലണ്ടറിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top