News Desk

2021-03-27 03:41:51 pm IST
ദോഹ: ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ബോധവല്‍കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എര്‍ത്ത് അവര്‍ ഇന്ന് രാത്രി നടത്തും. രാത്രി 8:30 മുതല്‍ 9:30 വരെ വൈദ്യുതവിളക്കുകള്‍ അണച്ചുകൊണ്ടായിരിക്കും എര്‍ത്ത് അവര്‍ ആചരണം.

മന്ത്രാലയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, വ്യക്തികള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും ഒരു മണിക്കൂര്‍ നേരത്തേയിക്ക് എല്ലാ വിളക്കുകളും അണച്ച് എര്‍ത്ത് അവറില്‍ പങ്കു ചേരുമെന്ന് പ്രതീക്ഷിക്കുന്നുയെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് വൈഡ് ഫണ്ടാണ് (ഡബ്ല്യുഡബ്ല്യുഎഫ്) ഈ പരിപാടി ആദ്യമായി മുന്നോട്ടുവച്ചത്. 2007ല്‍ സിഡ്‌നിയിലാണ് ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന എര്‍ത്ത് അവറില്‍ 180ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുണ നല്‍കുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top