News Desk

2021-05-31 01:27:17 pm IST

ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന 45 കെട്ടിട സമുച്ചയങ്ങള്‍ ഖത്തര്‍ പുനര്‍നിര്‍മ്മിക്കും. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ വക്താവുമായ ലുല്‍വ അല്‍ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഗസ്സ പുനര്‍നിര്‍മ്മാണത്തിനായി 500 മില്യണ്‍ ഡോളറാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഫലസ്തീനികളുടെ താമസകേന്ദ്രങ്ങളായ 45 കെട്ടിട സമുച്ചയങ്ങളുടെ പുനര്‍നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു.

ഇതിന് പുറമെ അല്‍ജസീറ ചാനല്‍, അസോസിയേറ്റഡ് പ്രസ്സ് എന്നിവയുടെ കാര്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ജലാ ബില്‍ഡിങ്, ഖത്തര്‍ റെഡ് ക്രസന്റ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം, ഗസ്സയില്‍ ഖത്തര്‍ സ്ഥാപിച്ച ഹമദ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയും പുതുക്കിപ്പണിയും. 

അതേസമയം, ഗസ്സയ്ക്കായി ഖത്തര്‍ പ്രഖ്യാപിക്കുന്ന ധനസഹായം ഹമാസിനാണ് നല്‍കുന്നതെന്ന ഇസ്രയേല്‍ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ലുല്‍വ അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി. 'ഐക്യരാഷ്ട്ര സഭയുടെ വിവിധ വിഭാഗങ്ങളുടെ അറിവോടെ മാത്രമാണ് ഖത്തറിന്റെ മുഴുവന്‍ ഫണ്ടും ഗസ്സയില്‍ ചിലവഴിക്കുന്നത്. ഇസ്രയേലിന്റെ തന്നെ അനുമതിയോടും കൂടി മാത്രമാണ് ഈ ഫണ്ടെല്ലാം ഗസ്സയിലെത്തുന്നതും.'' 

'ഫലസ്തീനികളുടെ മാനുഷികപരമായ ആവശ്യങ്ങളിലേക്കും അവര്‍ക്ക് വൈദ്യുതി സൗകര്യങ്ങളൊരുക്കുന്നതിലേക്കുമാണ് കാര്യമായ തുകയും ചിലവഴിക്കപ്പെടുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഇസ്രായേല്‍ പ്രതിനിധികളുടെ വാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നും' ലുല്‍വ അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top