News Desk

2020-11-27 11:32:24 am IST
ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളുടെ (ക്യു.വി.സി) പ്രവര്‍ത്തനം ഡിസംബര്‍ മൂന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. കൊച്ചി, ന്യുഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ക്യു.വി.സിയുടെ വെബ്സൈറ്റ് മുഖേന വിസ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അപ്പോയിന്‍മെന്റ് എടുക്കാമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ് (ആര്‍പി) നടപടിക്രമങ്ങള്‍ സ്വന്തം രാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഈ ഏഴു കേന്ദ്രങ്ങളുടെ ലക്ഷ്യം. 



തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയിലെ വിസ കേന്ദ്രങ്ങളില്‍ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. 

റിക്രൂട്ട്മെന്റുകള്‍ എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിനും ഇതിലൂടെ സാധിക്കും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാനാകുന്നത് പണച്ചെലവും അധ്വാനവും കുറയ്ക്കാന്‍ സാധിക്കും. 

മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും തൊഴിലാളിക്ക് ഇവിടെ ലഭിക്കും. നടപടികളെല്ലാം സ്വദേശത്തുവച്ചു തന്നെ പൂര്‍ത്തിയാകുന്നതിനാല്‍ തൊഴിലാളിക്ക് ഖത്തറില്‍ എത്തിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റ് കാര്‍ഡ് ലഭിക്കുകയും ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം.