ജംഷീന മുല്ലപ്പാട്ട്

2020-10-12 09:10:40 pm ISTപശ്ചിമേഷ്യന്‍ മേഖലയില്‍ സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള ശീത സമരം എല്ലാ അര്‍ത്ഥത്തിലും കൊടുമ്പിരികൊണ്ട് നില്‍ക്കുകയാണിപ്പോള്‍. ഖത്തര്‍ ഉപരോധം, ജമാല്‍ ഖശോഗി വധം തുടങ്ങിയ പ്രശ്നങ്ങളില്‍ തുര്‍ക്കി-സൗദി തര്‍ക്കം മറനീക്കി പുറത്തുവരികയും ചെയ്തു. ഇപ്പോഴിതാ തുര്‍ക്കിയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി ഭരണകൂടം. 
സൗദി ഭരണാധികാരികള്‍ക്കെതിരെ തുര്‍ക്കി സ്വീകരിക്കുന്ന നപടപടികളില്‍ പ്രതിഷേധിച്ചാണ് ബഹിഷകരണ ആഹ്വാനം. സൗദി ചേംബേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആണ് ടിറ്ററില്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. 

തുര്‍ക്കി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ രാജ്യത്തെ കമ്പനികളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിക്ഷേപം നടത്തുന്നത് നിറുത്തിവെക്കാന്‍ സൗദി നിക്ഷേപകരോടും തുര്‍ക്കിയിലേക്കുള്ള വിനോദ സഞ്ചാരം അവസാനിപ്പിക്കാന്‍ എല്ലാ പൗരന്‍മാരോടും അല്‍ അജ്‌ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതിനു മുമ്പ് ഏപ്രില്‍ മാസത്തില്‍ തുര്‍ക്കി മാധ്യമങ്ങള്‍ക്കും സൗദി വിലക്കേര്‍പ്പെടുത്തിയിരിന്നു. പ്രമുഖ തുര്‍ക്കി മാധ്യമങ്ങളായ ടി.ആര്‍.ടി അറബിക്, അനഡൊലു എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ ഒരു വിഭാഗം ആക്ടിവിസ്റ്റുകളാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ രാജ്യത്ത് ലഭിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം സൗദി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. 

തുര്‍ക്കിയെ കൂടാതെ തുര്‍ക്കിയുമായി വളരെ അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന മറ്റു രാജ്യങ്ങളെയും സൗദി അറേബ്യ ലക്ഷ്യം വെക്കുന്നുണ്ട്. അതിന്റെ പരിണിതഫലമായിരുന്നല്ലോ ഖത്തര്‍ ഉപരോധം പോലും. ഇറാന്‍, ഖത്തര്‍ എന്നീ അറബ് രാജ്യങ്ങളെയാണ് പ്രധാനമായും സൗദി ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുന്നത്. ഈ രാജ്യങ്ങലാവട്ടെ തുര്‍ക്കിയുമായി നല്ലബന്ധമാണ് പുലര്‍ത്തുന്നതും. കൂടാതെ സൗദിയുടെ ഇസ്രായേല്‍ ചായ്വ് ഈ രാജ്യങ്ങള്‍ അംഗീകരിക്കുന്നുമില്ല. പശ്ചിമേഷ്യന്‍ രാഷ്ട്രമായിരുന്നിട്ടു പോലും ഫലസ്തീനികളോടുള്ള സൗദിയുടെ നിലപാടുകളെ ഈ രാജ്യങ്ങള്‍ നിരന്തരമായി വിമര്‍ശിക്കാറുണ്ട്താനും. 

ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി സൗദി അറേബ്യയും മറ്റ് ജി.സി.സി രാജ്യങ്ങളും വെച്ച നിബന്ധനകളില്‍ ഒന്ന് തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടനമെന്നും സൈനിക സഹകരണം അവസാനിപ്പിക്കണമെന്നുമായിരുന്നു. ജി.സി.സിയിലെ തുര്‍ക്കിയുടെ സാന്നിധ്യവും ഖത്തറുമായുള്ള നയതന്ത്ര ബന്ധവും സൗദി അറേബ്യയുടെ രാഷ്ട്രീയ മേല്‍ക്കോയ്മക്കു മങ്ങലേല്‍പ്പിക്കുമെന്നാണ് അവര്‍ കരുതുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയ ഉടനെ തുര്‍ക്കി സൗദിയുടെ പ്രവര്‍ത്തിയെ അപലപിക്കുകയും അടിയന്തരമായി ഖത്തറിനു വേണ്ടി രംഗത്തിറങ്ങുകയും ചെയ്തു. യുദ്ധകാല അടിസ്ഥാനത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് ഖത്തറിനെ താങ്ങിനിര്‍ത്തുകയാണ് തുര്‍ക്കി ചെയ്തത്.

ഇന്ന് സാമ്പത്തിക-വ്യവസായ-പ്രതിരോധ-സുരക്ഷാ-നിക്ഷേപ-ഊര്‍ജ മേഖലകളടക്കമുള്ള വിവിധമേഖലകളില്‍ ഖത്തര്‍-തുര്‍ക്കി ബന്ധം വിശാലമായിരിക്കുകയാണ്. 2014-ന് ശേഷം മാത്രം ഖത്തറും തുര്‍ക്കിയും തമ്മില്‍ 50-ലധികം കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഖത്തറിലെ തുര്‍ക്കി സൈന്യത്തിന്റെ സാന്നിധ്യം ഗള്‍ഫ് മേഖലയുടെ സ്ഥിരതയില്‍ മുഖ്യ പങ്ക് വഹിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രാദേശിക രാഷ്ട്രീയ ഭിന്നതകളുടെ പേരില്‍ ഖത്തറിനെ ഉപരോധിക്കുകയും ഫലസ്തീനികള്‍ക്കെതിരെ കൊടും ക്രൂരതകള്‍ തുടരുന്ന ഇസ്രായേലുമായി കരാറുണ്ടാക്കിയ ബഹ്‌റൈനിനേയും യു.എ.ഇയേയും വിമര്‍ശിക്കാതെ പരോക്ഷമായി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നയങ്ങളും വിമര്‍ശന വിധേയം തന്നെയാണ്. ഫലസ്തീന്‍ സ്വാതന്ത്ര്യമോഹത്തെ നിരാകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപിന്റെ 'ഡീല്‍ ഓഫ് ദി സെഞ്ച്വറി'യുടെ വിഷയത്തിലും സൗദിയുടെ തണുത്ത പ്രതികരണം ശ്രദ്ധേയമായിരുന്നു. ട

ഫലസ്തീന്‍ ജനതക്കെതിരായ ഒരു കരാറിനെയും തുര്‍ക്കി അംഗീകരിക്കില്ലെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുല്ലതാണ്. ഡീല്‍ ഓഫ് ദി സെഞ്ചുറിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഒരു രാജ്യമാണ് തുര്‍ക്കി. ഫലസ്തീനികളുടെ അവകാശത്തെ വകവെക്കാത്ത, 1967ലെ അതിര്‍ത്തി പ്രകാരമുള്ള ദ്വിരാഷ്ട്ര പരിഹാര സിദ്ധാന്തത്തെ തള്ളിക്കളയുന്ന, അധിനിവേശത്തെയും അനധികൃത കുടിയേറ്റത്തെയും നിയമവിധേയമാക്കുന്ന ഈ കരാര്‍ ഒരിക്കലും വിജയം കാണുകയില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. യു.എ.ഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത് തുര്‍ക്കിയാണ്. യു.എ.ഇയുമായുള്ള ബന്ധം വിഛേദിക്കാനുള്ള തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് തുര്‍ക്കിയിപ്പോള്‍. 

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ തന്ത്രപ്രധാന സ്ഥാനമാണ് ഇറാനിനുള്ളത്. ഇറാഖ്, ബഹ്റൈന്‍, യമന്‍, സിറിയ, ലെബനാന്‍ എന്നിവിടങ്ങളിലെ ഇറാനിന്റെ സാന്നിധ്യത്തെ ഒഴിവാക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുന്നില്ല. പൊതുവെ ഇറാനോടു സൗഹൃദ സമീപനമാണ് തുര്‍ക്കി സ്വീകരിക്കുന്നത്. അമേരിക്ക-ഇസ്രായേല്‍ സഖ്യത്തെയും പശ്ചിമേഷ്യയിലെ അവരുടെ വിധേയ രാഷ്ട്രങ്ങള്‍ക്കുമെതിരെ തുര്‍ക്കിക്കും ഇറാനും പരസ്പര സഹകരണം ആവശ്യമാണെന്ന് ഇരുരാജ്യങ്ങള്‍ക്കുമറിയാം. തുര്‍ക്കി-ഇറാന്‍ -ഖത്തര്‍ സഖ്യം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന ഹമാസിന്റെ പ്രസ്താവന ഇത്തരുണത്തില്‍ കൂട്ടിവായിക്കേണ്ടതാണ്.

പശ്ചിമേഷ്യയില്‍ നിലവില്‍ രണ്ടു ചേരിയുണ്ടെന്ന് പറയേണ്ടി വരും. തുര്‍ക്കിയും ഇറാനും ഖത്തറുമാണ് ഒരു ഭാഗത്തെങ്കില്‍ മറു ഭാഗത്ത് സൗദിഅറേബ്യ, ഇസ്രായേല്‍ നേതൃത്വത്തിലുള്ള മറ്റു രാജ്യങ്ങളാണ്. എന്നാല്‍ കുവൈത്താണ് ഇതില്‍ നിന്നെല്ലാം വ്യതിചലിച്ച് നില്‍ക്കുന്നത്. കുവൈത്ത് ഇപ്പോഴും ഫലസ്തീനും ഖത്തറിനുമൊപ്പമാണ്. സൗദിയെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കുന്നില്ലെങ്കിലും ഗള്‍ഫിലെ ഇസ്രായേലിന്റെ സാന്നിധ്യത്തെ കുവൈത്ത് എതിര്‍ക്കുന്നുണ്ട്. 

സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പ്രാദേശിക മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള മത്സരം അന്താരാഷ്ട സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. സൗദിയുടെ നിലപാടുകള്‍ വിമര്‍ശന വിധേയമാകുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുന്നതാണ്. ഭരണകൂടത്തിന്റെ തെറ്റായ വൈദേശിക നയങ്ങളില്‍ പ്രത്യേകിച്ചും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളില്‍ രാജ്യത്തിനകത്ത് തന്നെ അസ്വസ്ഥതകള്‍ പുകയുണ്ട്. ഇതിന്റെ കൂടെയാണ് തുര്‍ക്കിയോടുള്ള പോരെടുക്കലും. പാശ്ചാത്യ മേഖലയില്‍ രണ്ട് പ്രബല രാജ്യങ്ങള്‍ തമിലുള്ള പ്രശ്നങ്ങള്‍ മേഖലയിലെ സമാധാനത്തിനാന്തരീക്ഷത്തില്‍ വിള്ളലുകള്‍ വീഴ്ത്താനും ഭാവിയില്‍ സാധ്യതയുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top