News Desk

2021-10-15 04:07:22 pm IST

ദോഹ: ഖത്തറില്‍ ബിസിനസ്, വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനായി ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രം അടക്കുന്നത്.

ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി ആരംഭിച്ച ശേഷം ഈ കേന്ദ്രത്തില്‍ നിന്ന് 16 ലക്ഷം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കോണോക്കോഫിലിപ്സ്-ഖത്തര്‍ എന്നിവയുടെ പിന്തുണയോടെ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ചാരിറ്റി എന്നിവ സംയുക്തമായാണ് ഒരുക്കിയത്. 

2021 ഏപ്രിലിലാണ് കേന്ദ്രം തുറന്നത്. സെന്ററില്‍ 300 വാക്സിനേഷന്‍ സ്റ്റേഷനുകളും 700 ജീവനക്കാരും ഉണ്ടായിരുന്നു. ദിവസം 25,000 ഡോസ് വാക്‌സിന്‍ ആണ് ഇവിടെ നിന്ന് നല്‍കിയത്. 

ഈ കാലയളവില്‍ നിരവധി തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും സമൂഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സാധിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി സെക്ടറിന്റെ തലവനുമായ ഡോ. ഖാലിദ് അബ്ദുള്‍നൂര്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top