News Desk

2021-05-27 01:12:13 pm IST
കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിസാ സെന്റര്‍ വിഷയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം.പി വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനു കത്ത് അയച്ചു. വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ വൈദ്യ പരിശോധന അടക്കമുള്ള നടപടികള്‍ സെന്ററിന്റെ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ ഏജന്‍സി മനപ്പൂര്‍വം വൈകിപ്പിക്കുന്നു എന്നാണ് ഖത്തര്‍ വിസാ സെന്ററിന് നേരെയുള്ള പരാതി. അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് അടൂര്‍ പ്രകാശ് എം.പി ജയ്ശങ്കറിനു കത്ത് അയച്ചിരിക്കുന്നത്.



ഖത്തറിലേയ്ക്ക് ജോലി തേടി പോകുന്ന പ്രവാസികള്‍ക്ക് വിസാ പരിപാടികള്‍ എളുപ്പമാക്കുന്നതിനു വേണ്ടി 2019-ലാണ് ഇടപ്പള്ളിയില്‍ വിസാ സെന്റര്‍ ആരംഭിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന കമ്പനിയ്ക്കാണ് കരാര്‍. ജോലി തേടി എത്തുന്നവരുടെ വിരലടയാളം, ഐറിഷ് സ്‌കാന്‍, വൈദ്യപരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ ഇവിടെ നടത്താം. എന്നാല്‍ മിക്ക ആളുകള്‍ക്കും മെഡിക്കല്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രണ്ടില്‍ കൂടുതല്‍ തവണ ഓഫീസ് കയറി ഇറങ്ങണം. 

ഓഫീസില്‍ എത്തിയാല്‍ അപേക്ഷകര്‍ ഗൈറ്റിനു പുറത്തു മണിക്കൂറുകള്‍ കാത്തിരിക്കണം. ഇരിക്കാന്‍ ഇരിപ്പിടമില്ല. സ്ത്രീകള്‍ക്കടക്കം ടോയ്ലറ്റ് സൗകര്യം പോലും ചെയ്തു കൊടുക്കുന്നില്ലാ എന്ന് വിസാ അപേക്ഷകര്‍ പറയുന്നു. എക്സ് റെ മെഷീന്‍ കേടാണെന്നും കറന്റ് ഇല്ലെന്നും സെര്‍വര്‍ കംപ്ലൈന്റ് ആണെന്നും പറഞ്ഞ് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപക ആക്ഷേപമുണ്ട്. 

കൂടാതെ ഷുഗര്‍ ചെക്ക് ചെയ്യണം എന്ന് പറഞ്ഞ് സ്വകാര്യ ക്ലിനിക്കിലേക്ക് റഫര്‍ ചെയ്യുന്നുണ്ടെന്നും വിസാ അപേക്ഷകര്‍ ആരോപിക്കുന്നു. വിഷയത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ എംബസ്സിയും ഇടപെടണം എന്നാണ് വിസാ അപേക്ഷകരുടെ ആവശ്യം. മെഡിക്കലിന് പോയി എക്സ് റെ ഒഴികെയുള്ളവ പാസായി റീ ടെസ്റ്റിനുള്ള ദിവസം കൊച്ചിയില്‍ എത്തിയപ്പോള്‍ എക്സ് റെ മെഷീന്‍ കേടാണ് എന്ന മറുപടിയാണ് ലഭിച്ചതെന്നു വയനാടുള്ള അപേക്ഷകന്‍ പറയുന്നു. പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് മറ്റൊരു ഡേറ്റ് നല്‍കിയതെന്നും ഇദ്ദേഹം പറയുന്നു. 

'എന്റെ ഒരു അയല്‍വാസിക്ക് വേണ്ടി ഞാന്‍ ഒരു നല്ല ജോലിയും വിസയും തരപ്പെടുത്തിക്കൊടുത്തു. ഫെബ്രുവരി ആദ്യം മെഡിക്കലിന് പോയതാണ്. ഇപ്പോള്‍ നാലു മാസമാകാന്‍ പോകുന്നു. ഇതുവരെ അണ്ടര്‍ പ്രോസസ്സ് എന്നാണ് അവരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. കിട്ടിയ വിസയും ജോലിയും പോകുമോ എന്നാണ് ഇപ്പോള്‍ പേടി.', മറ്റൊരു പ്രവാസി പറഞ്ഞു. 

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ ഖത്തര്‍ വിസാ സെന്ററിലെ അധികൃതര്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരെ നേരില്‍ കാണണമെങ്കില്‍ ഖത്തര്‍ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇവരുടെ നിലപാട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top